തിരുവനന്തപുരം: രാജ്യത്തിന്റെ 77ആം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വിവിധ സായുധ, സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റു സേനാ വിഭാഗങ്ങളുടെയും എൻസിസി, സ്‌കൗട്ട്സ്, ഗൈഡ്‌സ്, സ്‌റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കുകയാണ്.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ മുന്നേറ്റം ഉണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി, സംസ്‌ഥാനത്തിന്റെ കഴിഞ്ഞ ഏഴ് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യാനന്തര 75 വർഷം പിന്നിട്ടപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്‌തികളിൽ ഒന്നായി ഇന്ത്യ മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബഹിരാകാശം, ശാസ്‌ത്ര, സാങ്കേതിക, ഐടി തുടങ്ങി എല്ലാ മേഖലകളിലും രാജ്യം മുന്നേറുകയാണ്. നമ്മുടെ സ്വന്തം യോഗയും ആയുർവേദവും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 10.17 ലക്ഷം കൊടിയിലേക്ക് ഉയർന്നിരിക്കുന്നു. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 84 ശതമാനം വർധനയുണ്ടായി. പ്രതിശീർഷ വരുമാനം 54 ശതമാനമായി ഉയർന്നു. കടബാധ്യത കുറക്കാനായി. വ്യവസായം വർധിപ്പിക്കാൻ സംരംഭക വർഷമെന്ന പ്രത്യേക പദ്ധതി ഉണ്ടാക്കിയതിലൂടെ 8300 കോടിയുടെ നിക്ഷേപവും മൂന്ന് ലക്ഷം തൊഴിലും സൃഷ്‌ടിക്കാനായെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഐടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. അഞ്ചു വർഷം കൊണ്ട് കിഫ്‌ബി മുഖേന 65,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി. ഏഴ് വർഷത്തിനിടെ 1057 വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ക്ഷേമ രംഗത്തും, ആരോഗ്യ രംഗത്തും സർക്കാർ ഫലപ്രദമായി ഇടപെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്‌ഥാനാർഥികൾ ഇന്ന് മണ്ഡല പര്യടനത്തിൽ