കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ കേസിൽ പോലീസിനെ രൂക്ഷമായി വിമർശിച്ചു കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെ കൂടി പോലീസ് സംരക്ഷിക്കണമെന്നും കോടതി വ്യക്‌തമാക്കി. പെരുമ്പാവൂരിൽ അറസ്‌റ്റിലായ നാല് കെഎസ്‌യു പ്രവർത്തകരെ ഹാജരാക്കിയപ്പോഴാണ് പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്.
പ്രതികൾക്കെതിരെ വധശ്രമക്കേസ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ബസിന് നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ 308ആം വകുപ്പ് ചുമത്താൻ കഴിയുമെന്നും കോടതി ചോദിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിനു നേരെ ഷൂ എറിഞ്ഞാൽ അതിനകത്തേക്ക് പോകില്ലല്ലോ, പിന്നെങ്ങനെയാണ് 308ആം വകുപ്പ് ചുമത്താൻ കഴിയുക. മാത്രമല്ല, അവിടെക്കൂടിയ നവകേരള സദസിന്റെ സംഘാടകർ, ഡിവൈഎഫ്ഐക്കാർ ഉൾപ്പടെ മർദ്ദിച്ചുവെന്നും പോലീസ് സ്‌ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു.
ഇതോടെ, എങ്ങനെ രണ്ടു നീതി നടപ്പിലാക്കാൻ കഴിയുന്നുവെന്ന് പോലീസിനോട് കോടതി ചോദിച്ചു. പൊതു സ്‌ഥലത്ത് വെച്ച് പ്രതികളെ മർദ്ദിച്ചവരെ അറസ്‌റ്റ് ചെയ്യാത്തതിൽ പോലീസിനെ കോടതി കുറ്റപ്പെടുത്തി. ഇവിടെ അക്രമിച്ചവർ എവിടെയെന്ന് ചോദിച്ച കോടതി, മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെ കൂടി പോലീസ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് ഉപദ്രവിച്ചുവെന്ന പ്രതികളുടെ പരാതി എഴുതി നൽകാനും കോടതി നിർദ്ദേശിച്ചു.
ഈ പോലീസുകാർ ആരൊക്കെയെന്ന് പേര് ഉൾപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടു. പൊതുസ്‌ഥലത്ത് വെച്ച് ഇവരെ അകാരണമായി മർദ്ദിക്കുമ്പോൾ അവർക്ക് സംരക്ഷണം നൽകേണ്ട ചുമതല പോലീസിന് ഇല്ലേയെന്നും, എന്തുകൊണ്ട് പോലീസ് രണ്ടുനീതി നടപ്പാക്കുന്നുവെന്നും കോടതി ചോദിച്ചു. പോലീസ് ഇങ്ങനെ ചെയ്യുന്നത് നീതികേടാണെന്നും, നീതി എല്ലാവർക്കും കിട്ടാനുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പ്രതികളുടെ പരാതി ലഭിച്ചശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.
കെഎസ്‌യു സംസ്‌ഥാന സെക്രട്ടറി ബേസിൽ വർഗീസ്, പ്രവർത്തകരായ ജിബിൻ ദേവകുമാർ, ജെയ്‌ഡൻ തുടങ്ങിയവരാണ് അറസ്‌റ്റിലായത്. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. മനഃപൂർവമായ നരഹത്യാശ്രമം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഐപിസി 308, ഐപിസി 353, ഐപിസി 283 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മരണം വരെ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യമാണ് ചെയ്‌തിരിക്കുന്നതെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു. കേസിൽ നാല് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.
Most Read| ശബരിമല തിരക്ക് പഠിക്കാൻ ഹൈക്കോടതി അഭിഭാഷക സംഘം; ആവശ്യമില്ലെന്ന് സർക്കാർ