ക്ഷയരോഗ നിവാരണത്തിന് കേന്ദ്ര അവാര്‍ഡ് ലഭിച്ച ഏക സംസ്‌ഥാനമായി കേരളം

By Staff Reporter, Malabar News
kk shailaja Teacher
കെകെ ശൈലജ ടീച്ചർ
Ajwa Travels

തിരുവനന്തപുരം: ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് നേടി കേരളം. സംസ്‌ഥാനങ്ങളുടെ കാറ്റഗറിയില്‍ ഈ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത് കേരളം മാത്രമാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് സുസ്‌ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 37.5 ശതമാനം ക്ഷയരോഗ നിരക്ക് സംസ്‌ഥാനം കുറച്ചതായിട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയിരുന്നു. ഇത് വിലയിരുത്തിയാണ് കേരളത്തെ അവാര്‍ഡിനായി പരിഗണിച്ചത്. സംസ്‌ഥാനത്തെ ക്ഷയരോഗപര്യവേഷണ സംവിധാനം രാജ്യാന്തരതലത്തില്‍ തന്നെ ഏറ്റവും മികച്ചതാണെന്നാണ് വിദഗ്ധ സമിതിയുടെ അഭിപ്രായം.

നാഷണല്‍ ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ലോകാരോഗ്യ സംഘടന, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ എന്നിവയില്‍ നിന്നുള്ള 26 അംഗ വിദഗ്ധസംഘമാണ് റിപ്പോർട് തയാറാക്കിയത്. ഇവർ എറണാകുളം, മലപ്പുറം, കാസർഗോഡ്, കൊല്ലം ജില്ലകളില്‍ സന്ദര്‍ശിച്ച് വിലയിരുത്തിയതിന് ശേഷമാണ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട് സമര്‍പ്പിച്ചത്. 60 സര്‍വേ ടീമുകളുടെ സഹായത്തോടെ 83,000 വ്യക്‌തികളെ പരിശോധിച്ച ശേഷമാണ് ഈ വിലയിരുത്തല്‍. കൂടാതെ സ്വകാര്യ മേഖലയിലെ ഡോക്‌ടര്‍മാരുമായും മെഡിക്കല്‍ ഷോപ്പുകളുമായും വിദഗ്ധസമിതി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ആരോഗ്യവകുപ്പ് സുസ്‌ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാനായി നടപ്പിലാക്കിയ ‘എന്റെ ക്ഷയരോഗ മുക്‌തകേരളം’ പദ്ധതിയുടെ കീഴില്‍ ‘അക്ഷയ കേരളം’ ഉള്‍പ്പടെ നിരവധി മാതൃകാപരമായ പദ്ധതികളുടെ ശ്രമഫലമായിട്ടാണ് കേരളത്തില്‍ ക്ഷയരോഗനിവാരണം സാധ്യമായത്.

ഈ ഉദ്യമത്തിൽ ആരോഗ്യ വകുപ്പിനോടൊപ്പം തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളും സ്വകാര്യമേഖലയും ഒന്നിച്ചു നിന്നു. സംസ്‌ഥാനത്ത് സ്‌റ്റെപ്പ്‌സ്, വായുജന്യ രോഗപ്രതിരോധ സംവിധാനം, ട്രീറ്റ്‌മെന്റ് സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ തുടങ്ങി ലോകത്തിന് മാതൃകയായ പല പദ്ധതികളും വികസിപ്പിച്ച് നടപ്പിലാക്കി വരുന്നുണ്ട്.

തുടര്‍ച്ചയായി 12 മാസം അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ ക്ഷയരോഗമില്ലാത്ത 561 പഞ്ചായത്തുകളെയും ക്ഷയരോഗ ചികിൽസ ഇടക്കുവെച്ചു നിര്‍ത്താത്ത 688 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഡ്രഗ് റെസിസ്‌റ്റന്റ് ടിബി ഇല്ലാത്ത 707 തദ്ദേശ സ്‌ഥാപനങ്ങളെയും കണ്ടെത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇത്തരത്തിൽ കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സംസ്‌ഥാനം ഈ നേട്ടം കൈവരിച്ചത്.

അതേസമയം ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോവിഡ് മഹാമാരി കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. രണ്ടിന്റേയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് അക്ഷയ കേരളം ഫലപ്രദമായി നടപ്പിലാക്കിയത്.

Read Also: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും, ബ്രഹ്‌മപുത്രയിൽ അണക്കെട്ട്; അസമിൽ ബിജെപി പ്രകടനപത്രിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE