ഡെൽഹി: നാലാമത് ഖേലോ ഇന്ത്യ ഗെയിംസിന് നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ തുടക്കമാകും. താവു ദേവിലാൽ കോംപ്ളക്‌സിൽ നടക്കുന്ന ചടങ്ങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൽഘാടനം ചെയ്യും. 25 ഇനങ്ങളിലായി, 2262 പെൺകുട്ടികൾ ഉൾപ്പടെ 4700 ഓളം യുവ കായിക താരങ്ങളാണ് മാറ്റുരക്കുന്നത്.
കടുത്ത പോരാട്ടം കാഴ്‌ചവെക്കാൻ കേരളവും മൽസര രംഗത്തുണ്ട്. 194 കായിക താരങ്ങളുമായാണ് കേരളം മൽസരത്തിനിറങ്ങുന്നത്.
ഗെയിംസിലെ അഞ്ച് തദ്ദേശീയ കായിക ഇനങ്ങളിലൊന്നായ കളരിപ്പയറ്റിൽ മെഡൽക്കൊയ്‌ത്ത് ലക്ഷ്യമിട്ട് 67 അംഗ ടീമിനെയാണ് കേരളം രംഗത്തിറക്കുന്നത്. മൂവായിരം വർഷം പഴക്കമുള്ളതെന്ന് കരുതുന്ന പുരാതന ആയോധനകലയായ കളരിപ്പയറ്റിന്റെ ഉൽഭവസ്‌ഥലം കൂടിയാണ് കേരളം.
കൂടാതെ അത്‌ലറ്റിക്‌സ്, വോളിബോൾ, ഫുട്‌ബോൾ എന്നിവയിലും കേരളം വലിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ഗെയിംസിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വിവിധ ഇനങ്ങളിൽ 5 മുതൽ 10 ദിവസം വരെ നീളുന്ന ക്യാമ്പുകൾ കേരളം സംഘടിപ്പിച്ചിരുന്നു.
2020 ഗെയിംസിൽ അത്‌ലറ്റിക്‌സിലെ ജേതാക്കൾ കേരളമായിരുന്നു. കേരളം നേടിയ 15 സ്വർണ മെഡലുകളിൽ പത്തും അത്‌ലറ്റിക്‌സിൽ നിന്നായിരുന്നു. ഗെയിംസിൽ ഏക ട്രിപ്പിൾ സ്വർണ മെഡൽ ജേതാവായ ആൻസി സോജൻ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം, സീസണല്ലാത്തതിനാൽ ബാഡ്‌മിന്റണിൽ ഗായത്രി ഗോപിചന്ദിന്റെ ഡബിൾസ് പങ്കാളിയായ ട്രീസ ജോളിയുൾപ്പടെയുള്ള ചില താരങ്ങൾ ഗെയിംസിൽ നിന്ന് പിൻമാറിയിരുന്നു. ഇത് മെഡൽ നേട്ടത്തിൽ കേരളത്തിന് തിരിച്ചടിയായേക്കും.
Most Read: യാത്രക്കാരെ ഇറക്കിവിട്ട സംഭവം; കെഎസ്ആര്‍ടിസി കണ്ടക്‌ടർക്ക് സസ്‌പെൻഷൻ