ഇതു താന്‍ ടീം വര്‍ക്ക്; ബൗളിംഗ്-ഫീല്‍ഡിംഗ് കരുത്തില്‍ വിജയം പിടിച്ചെടുത്ത് പഞ്ചാബ്

By Sports Desk , Malabar News
MALABARNEWS-PUNJAB
Ajwa Travels

ദുബായ്‌: അവസാന ഓവറുകളിലെ ബൗളിംഗ്-ഫീല്‍ഡിംഗ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 12 റണ്‍സിന്റെ അപ്രതീക്ഷിത വിജയം. 126 റണ്‍സ് എന്ന കുറഞ്ഞ സ്‌കോറിനെ മികച്ച ടീം വര്‍ക്കിന്റെ കരുത്തില്‍ പ്രതിരോധിച്ചാണ് പരാജയത്തിന്റെ വക്കില്‍ നിന്ന് പഞ്ചാബ് വിജയം പിടിച്ചു വാങ്ങിയത്. അവസാന ഓവറുകളിലെ അര്‍ഷ്ദീപ് സിംഗ്- ക്രിസ് ജോര്‍ദാന്‍ എന്നിവരുടെ ബൗളിംഗും ഏതാനും മികച്ച ക്യാച്ചുകളുമാണ് പഞ്ചാബിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ജോര്‍ദാനും അര്‍ഷ്ദീപും മൂന്ന് വിക്കറ്റ് വീതം നേടി. ജോര്‍ദാനാണ് കളിയിലെ മികച്ച താരം.

ഇരു ടീമിലേയും ഒരാള്‍ക്ക് പോലും അര്‍ധ ശതകം തികക്കാന്‍ കഴിയാതിരുന്ന മൽസരത്തില്‍ പഞ്ചാബിന് വേണ്ടി 32 റണ്‍സ് നേടിയ നിക്കോളസ് പൂരന്‍ ടോപ് സ്‌കോറര്‍ ആയപ്പോള്‍ 35 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറര്‍.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് കെ എല്‍ രാഹുല്‍-മന്‍ദീപ് സിംഗ് സഖ്യം താരതമ്യേന മികച്ച തുടക്കമാണ് നല്‍കിയത്. മികച്ച ചില ഷോട്ടുകള്‍ കളിച്ചു വന്ന മന്‍ദീപ് സിംഗ് പഞ്ചാബ് സ്‌കോര്‍ 37 ലെത്തിയപ്പോള്‍ സന്ദീപ് ശര്‍മയുടെ പന്തില്‍ റഷീദ് ഖാന്‍ പിടിച്ച് പുറത്തായി. സന്ദീപ് ശര്‍മയുടെ 100ആം ഐ പി എല്‍ വിക്കറ്റായി മടങ്ങുമ്പോള്‍ 13 പന്തില്‍ 17 റണ്‍സ് ആയിരുന്നു മന്‍ദീപിന്റെ സ്‌കോര്‍.

മന്‍ദീപിന് പകരം ക്രീസിലെത്തിയ ക്രിസ് ഗെയ്ല്‍ കവറിലൂടെ പന്ത് അതിര്‍ത്തി കടത്തിയാണ് തുടങ്ങിയത്. എന്നാല്‍ യൂണിവേഴ്‌സല്‍ ബോസിന്റെ ഇന്നിംഗ്‌സിന് അധികം ആയുസ് ഉണ്ടായില്ല. 10ആം ഓവറില്‍ ജേസണ്‍ ഹോള്‍ഡറിനെ ഗ്യാലറിയില്‍ എത്തിക്കാനുള്ള ഗെയ്‌ലിന്റെ പരാജയപ്പെട്ട ശ്രമം ബൗണ്ടറി ലൈനിന് അരികെ ഡേവിഡ് വാര്‍ണറുടെ കൈകളില്‍ അവസാനിച്ചു. 20 ബോളില്‍ നിന്ന് 20 റണ്‍സ് ആയിരുന്നു വെടിക്കെട്ട് ഗെയ്‌ലിന്റെ സമ്പാദ്യം.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ റഷീദ് ഖാന്റെ തകര്‍പ്പന്‍ ഒരു ബോള്‍ രാഹുലിന്റെ (27) വിക്കറ്റ് പിഴുതത് ഞെട്ടലോടെയാണ് പഞ്ചാബ് ആരാധകര്‍ കണ്ടത്. ഗെയ്‌ലിന് പിന്നാലെ രാഹുലും കൂടി മടങ്ങിയതോടെ പഞ്ചാബ് അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലേക്ക് മാറി. മോശം ഫോം തുടരുന്ന ഗ്ളെൻ മാക്‌സ്‌വെല്ലിന് ഈ മൽസരത്തിലും കാര്യമായി ഒന്നും ചെയ്യാനായില്ല.

13 ബോളില്‍ 12 റണ്‍സൈടുത്ത മാക്‌സ്‌വെല്‍ സന്ദീപ് ശര്‍മയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് വാര്‍ണറുടെ കൈകളില്‍ ഒതുങ്ങി. ദീപക് ഹൂഡ വന്നതും പോയതും ഒരുമിച്ചായിരുന്നു. റഷീദ് ഖാന്റെ പന്തില്‍ കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോവ് തകര്‍പ്പന്‍ സ്‌റ്റംമ്പിംഗിലൂടെ പൂറത്താക്കുമ്പോള്‍ 2 പന്ത് നേരിട്ട ഹൂഡ റണ്‍സൊന്നും നേടിയിരുന്നില്ല.

നാല് റണ്‍സ് എടുത്ത എം അശ്വിന്‍ വിജയ് ശങ്കറുടെ നേരിട്ടുള്ള ഏറില്‍ റണ്‍ ഔട്ടായി. ഓള്‍ റൗണ്ടര്‍ ക്രിസ് ജോര്‍ദാന്‍ (7) കുറച്ചധികം പന്തുകള്‍ പാഴാക്കിയ ശേഷം ഹോള്‍ഡറുടെ ബോളില്‍ ഖലീല്‍ അഹമ്മദിന് അനായാസ ക്യാച്ച് നല്‍കി മടങ്ങി. തുടരെ വിക്കറ്റുകള്‍ പോയതോടെ മികച്ച സ്‌ട്രൈക്ക് റേറ്റ് ഉള്ള നിക്കോളസ് പൂരന് അടിച്ച് കളിക്കാന്‍ കഴിയാതായി. ഒരു ഘട്ടത്തില്‍ പഞ്ചാബ് ഇന്നിംഗ്‌സില്‍ 63 പന്തുകളാണ് ഒരു ബൗണ്ടറി പോലുമില്ലാതെ കടന്നു പോയത്. ഹൈദരാബാദിന് വേണ്ടി സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‍ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് ബൗളര്‍മാരായ മുഹമ്മദ് ഷമിയേയും അര്‍ഷ്ദീപ് സിംഗിനേയും ഗ്യാലറിയിലേക്ക് പറത്തി സ്വീകരിച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പതിവിലും കൂടുതല്‍ ആക്രമണകാരി ആയിരുന്നു. എന്നാല്‍ സ്‌പിന്നർ രവി ബിഷ്‌ണോയി എറിഞ്ഞ എട്ടാം ഓവറിലെ രണ്ടാം പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച വാര്‍ണര്‍ (20 പന്തില്‍ 35) കീപ്പര്‍ രാഹുലിന്റെ ഗ്‌ളൗസില്‍ ഒതുങ്ങിയതോടെ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്‌ടമായി.

സ്‌പിന്നർ എം അശ്വിനെതിരെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ അടിച്ച ബെയർസ്‌റ്റോവിനെ (19) അശ്വിന്‍ തന്നെ വീഴ്‍ത്തി. സ്‌ക്വയര്‍ ലെഗിലേക്ക് അശ്വിനെ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച ബെയർസ്‌റ്റോവിന്റെ വിക്കറ്റ് തെറിച്ചു. 5 പന്തില്‍ നിന്ന് ഏഴ് റണ്‍സ് എടുത്ത അബ്‌ദുൾ സമദ് പുറത്തായതോടെ കഴിഞ്ഞ കളിയിലെ വിജയ സഖ്യം മനീഷ് പാണ്ഡെ-വിജയ് ശങ്കര്‍ ക്രീസില്‍ ഒരുമിച്ചു.

ഇരുവരും സിംഗിളുകളും ഡബിളുകളും എടുത്ത് മുന്നേറുന്നതിനിടെ ജോര്‍ദാന്റെ പന്തില്‍ മനീഷ് പാണ്ഡെയുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ട് ബൗണ്ടറി ലൈനിന് സമീപം ചാടി ഉയര്‍ന്ന് പകരക്കാരന്‍ ഫീല്‍ഡര്‍ ജഗദീശ് പിടിച്ചതോടെ കളിയുടെ ഗതി മാറി. അര്‍ഷ്ദീപിന്റെ തൊട്ടടുത്ത ഓവറില്‍ മികച്ച രീതിയില്‍ കളിച്ചു വന്ന വിജയ് ശങ്കര്‍ (27) വിക്കറ്റിന് പിന്നില്‍ ക്യാച്ച് കൊടുത്ത് മടങ്ങിയതോടെ സമ്മര്‍ദ്ദം ഹൈദരാബാദിനായി. ജോര്‍ദാന്‍ എറിഞ്ഞ 19ആം ഓവറിലെ മൂന്ന്, നാല് പന്തുകളില്‍ ഹോള്‍ഡര്‍ (6), റഷീദ് ഖാന്‍ (0) എന്നിവര്‍ പുറത്തായതോടെ.

അര്‍ഷ്ദീപ് സിംഗാണ് പഞ്ചാബിനായി അവസാന ഓവര്‍ എറിഞ്ഞത്. രണ്ടാം പന്തില്‍ സന്ദീപ് ശര്‍മ (0) അശ്വിന്‍ പിടിച്ച് പുറത്തായി. തൊട്ടടുത്ത ബോളില്‍ പ്രിയം ഗാര്‍ഗിനെ (3) മികച്ചൊരു ക്യാച്ചിലൂടെ ജോര്‍ദാന്‍ പുറത്താക്കി. അഞ്ചാം പന്തില്‍ അവസാന ബാറ്റ്‌സ്‌മാൻ ഖലീൽഅഹമ്മദ് റണ്‍ ഔട്ട് ആയതോടെ 12 റണ്‍സിന്റെ വിജയം പഞ്ചാബിന് സ്വന്തം.

Read Also: ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയായി കൊൽക്കത്ത; ഡല്‍ഹിക്കെതിരെ 59 റണ്‍സ് ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE