ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയായി കൊൽക്കത്ത; ഡല്‍ഹിക്കെതിരെ 59 റണ്‍സ് ജയം

By Sports Desk , Malabar News
Ajwa Travels

അബുദാബി: ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ കൊൽക്കത്തക്ക് മുമ്പില്‍ ഡല്‍ഹി മുട്ടുമടക്കി. നാലാം വിക്കറ്റില്‍ സുനില്‍ നരെയ്ന്‍-നിതീഷ് റാണ സഖ്യത്തിന്റെ റെക്കോര്‍ഡ് പ്രകടനത്തോടൊപ്പം ഈ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് കാഴ്‌ച വെച്ച വരുണ്‍ ചക്രവര്‍ത്തിയുടെ (4-0-20-5) മാജിക് സ്‌പെല്‍ കൂടി ചേര്‍ന്നപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കല്‍ക്കത്ത നൈറ്റ് റേഡേഴ്‌സിന് 59 റണ്‍സ് വിജയം. കൊൽക്കത്ത നിശ്‌ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 194 റണ്‍സ് എടുത്തപ്പോള്‍ ഡല്‍ഹിക്ക് 9 വിക്കറ്റിന് 135 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

ടോസ് നേടി കൊൽക്കത്തയെ ബാറ്റിംഗിന് അയച്ച തീരുമാനത്തെ സാധൂകരിക്കുന്ന പ്രകടനമാണ് ഡല്‍ഹി ബൗളര്‍മാര്‍ കാഴ്‌ച വച്ചത്. ആന്‍ റിച്ച് നോര്‍ജെ എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹി ലക്ഷ്യം കണ്ടു. ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറി നേടിയ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനെ (9) അക്‌സര്‍ പട്ടേലിന്റെ കൈകളില്‍ എത്തിച്ച് നോര്‍ജെ കൊൽക്കത്ത ആദ്യ പ്രഹരം ഏല്‍പിച്ചു.

തൊട്ടടുത്ത ഓവറില്‍ മികച്ച ഫോമില്‍ ആണെന്ന് തോന്നിച്ച സഹ ഓപ്പണര്‍ രാഹുല്‍ ത്രിപാടി (13) നോര്‍ജെയുടെ യോര്‍ക്കറില്‍ പുറത്തായതോടെ കല്‍ക്കത്തക്ക് നാലാമത്തെ ഓവറില്‍ തന്നെ രണ്ടാമത്തെ വിക്കറ്റും നഷ്‌ടമായി. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‍ത്തിയ കബിസോ റബാഡയുടെ ഊഴമായിരുന്നു അടുത്തത്. റബാഡയുടെ ഉഗ്രന്‍ ഒരു ഔട്ട് സ്വിംഗറിന് ബാറ്റ് വെച്ച മുന്‍ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് (3) ഋഷഭ് പന്തിന് അനായാസ ക്യാച്ച് നല്‍കി മടങ്ങി.

എന്നാല്‍ നാലാം വിക്കറ്റില്‍ സുനില്‍ നരെയ്‌നും നിതീഷ് റാണയും ഒരുമിച്ചതോടെ കളിയുടെ ഗതി മാറി. ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം എന്ന മട്ടില്‍ ക്രീസില്‍ എത്തിയ ഉടന്‍ നരെയ്ന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് തുടങ്ങിയതോടെ റണ്‍ നിരക്ക് കുത്തനെ ഉയര്‍ന്നു. റാണെയും ഒട്ടും മോശമാക്കിയില്ല.

ഇതിനിടെ 35 ബോളില്‍ നിന്ന് റാണ ഈ സീസണിലെ രണ്ടാം അര്‍ധ ശതകം തികച്ചു. തൊട്ടു പുറകെ സുനില്‍ നരെയ്ന്‍ വെറും 24 പന്തില്‍ നിന്ന് 50ലെത്തി. ഒരു ഘട്ടത്തില്‍ 8 ഓവറില്‍ 3 വിക്കറ്റിന് 44 റണ്‍സെന്ന നിലയില്‍ ആയിരുന്ന കല്‍ക്കത്തയെ 47 ബോളില്‍ നിന്ന് 100 റണ്‍സ് എടുത്ത നരെയ്ന്‍-റാണ കൂട്ടുകെട്ട് 16 ഓവറില്‍ 150 കടത്തി.

ഇതിനിടെ റബാഡക്കെതിരെ കൂറ്റന്‍ ഷോട്ട് കളിച്ച സുനില്‍ (32 പന്തുകളില്‍ നിന്ന് നാല് സിക്‌സും ആറ് ഫോറുമടക്കം 64) ബൗണ്ടറിക്കരികില്‍ അജിങ്ക്യ രഹാനെ പിടിച്ച് പുറത്തായി. അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായ റാണ (ഒരു സിക്‌സും 13 ഫോറും അടക്കം 53 ബോളില്‍ 81) ടീമിന് വിജയിക്കാന്‍ കഴിയുന്ന സ്‌കോർ നേടിയതിന്റെ ആഹ്ളാദത്തിലാകും മടങ്ങിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്ക് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്‌ടമായി. നരേനും റാണയും നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയതു പോലെ ആയിരുന്നു പാറ്റ് കമ്മിന്‍സിന്റെ ബൗളിംഗ്. ഡല്‍ഹി ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ അജിങ്ക്യ രഹാനെയെ (0) കമ്മിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

മൂന്നാമത്തെ ഓവറിലെ രണ്ടാം പന്തില്‍ കഴിഞ്ഞ രണ്ട് കളികളിലും സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെ (6) ഓഫ് സ്‌റ്റംപ് പിഴുത കമ്മിന്‍സ് അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹിയെ ഞെട്ടിച്ചു. മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് പോകാതെ നങ്കൂരം ഉറപ്പിച്ച് കളിച്ചെങ്കിലും മധ്യ ഓവറുകളില്‍ ആവശ്യമായ റണ്‍ നിരക്ക് നില നിര്‍ത്താന്‍ കഴിയാതെ പോയി.

സ്‌പിന്നർ വരുണ്‍ ചക്രവര്‍ത്തി എറിയാനെത്തിയതോടെ ഡല്‍ഹിയുടെ മധ്യനിര ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. അൽഭുത സ്‌പെല്ലില്‍ ശ്രേയസ് അയ്യരുടേത് അടക്കം തുടര്‍ച്ചയായി പ്രധാനപ്പെട്ട അഞ്ച് വിക്കറ്റുകള്‍ വരുണ്‍ പിഴുതതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

വരുണ്‍ എറിഞ്ഞ പന്ത്രണ്ടാമത്തെ ഓവറിലെ രണ്ടാമത്തെ പന്തില്‍ ഗില്‍ പിടിച്ച് പന്ത് (27) പുറത്തായി. തുടര്‍ന്ന് വരുണിന്റെ പന്തില്‍ ഡല്‍ഹി ടോപ് സ്‌കോറര്‍ ശ്രേയസ് അയ്യര്‍ (38 പന്തില്‍ 47) ഹെറ്റ്മയർ (10) സ്‌റ്റോയിനിസ് (6) അക്‌സര്‍ പട്ടേല്‍ (9) എന്നിവര്‍ തുടര്‍ച്ചയായി പുറത്തായതോടെ ഡല്‍ഹി 7 വിക്കറ്റിന് 110 എന്ന നിലയിലേക്ക് കൂപ്പു കുത്തി. അശ്വിന്‍ (14), നോര്‍ജെ (0) എന്നിവര്‍ പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടി.

Read Also: വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് താരം തന്‍മയ് ശ്രീവാസ്‌തവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE