കെയു ഇഖ്‌ബാൽ; എഴുതി പൂർത്തിയാവാതെ പോയ പുസ്‌തകം

By Najim Kochukalunk, Guest Writer
  • Follow author on
KU iqbal _ A Remembrance by Najim kochukalunk
Ajwa Travels

കെയു ഇഖ്‌ബാൽ എന്ന പത്രപ്രവർത്തകനെ പരിചയപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ്, ഞാനൊരു കഥ എഴുതുന്നത്.

മാധ്യമ മുൾപ്പടെയുള്ള പത്രങ്ങളിലെ എഡിറ്റ് പേജിൽ നർമരസപ്രധാനമായ മിഡിൽ പീസ് എന്ന വിഭാഗത്തിലെ ചെറുകുറുപ്പുകളിലൂടെയുംചിത്രഭൂമിയിലെ സിനിമാ വിശേഷങ്ങളിലൂടെയും വളരെ നേരത്തെ തന്നെ കെയു ഇഖ്‌ബാൽ എന്ന ബൈലൈൻ പരിയചമുണ്ട്. എന്നാൽ ആളെ നേരിൽ കാണുന്നതും അത് സൗഹൃദമാവുന്നതും ഞാൻ ജോലിതേടി സൗദിയിൽ എത്തിയ ശേഷമാണ്.

രണ്ടുപതിറ്റാണ്ട് മുമ്പാണത്. ഒരു ജനുവരിയിലെ മരുഭൂമി കോച്ചുന്ന തണുപ്പിൽ സൗദിയിൽ കാലൂന്നി തുടങ്ങിയ പ്രവാസമാണ്. ആദ്യ നാളുകളിൽ, വീടും നാടും സൗഹൃദങ്ങളും വിട്ട് പോന്നതിന്റെ നൊമ്പരങ്ങളുമായി പ്രവാസത്തിന്റെ ഏകാന്തതയിൽ കൂനിക്കൂടി ഇരിക്കുമ്പോൾ മനസിൽ പൊട്ടിമുളച്ചതാണ്, ആ കഥ.

രാവിനും പകലിനും ഒരേ നിറമായ ദിനങ്ങളുടെ വിരസതയിൽ നിന്ന് രക്ഷപ്പെടാൻ മനസിൽ തോന്നിയതൊക്കെ കടലാസിൽ കുത്തികുറിക്കുകയായിരുന്നു. കുറച്ചുദിവസങ്ങൾ കൊണ്ടത് പൂർത്തിയായി. ഒന്ന് രണ്ട് വട്ടം വായിച്ച് കഥയാണെന്ന് സ്വയം ബോധ്യപ്പെടുത്തി, ആ വിവരംകഥ എന്ന രണ്ടക്ഷരം കൊണ്ട് ആദ്യ താളിന്റെ ഏറ്റവും മുകളിൽ രേഖപ്പെടുത്തി എന്തോ ഒരു പേരിട്ട്, അന്ന് സൗദിയിൽ ഏറെ പ്രചാരമുള്ള മലയാളം ന്യൂസ് എന്ന പത്രത്തിലേക്ക് അയച്ചുകൊടുത്തു

KU Iqbal with Manmohan sing
കെയു ഇഖ്ബാൽ മൻമോഹൻ സിങിനൊപ്പം

ഒന്നുമറിയാതെ ഒരാൾ!

പ്രവാസികളുടെ സർഗസൃഷ്‌ടികൾക്കായി അന്നതിൽ സർഗവീഥി എന്നൊരു പേജുണ്ട്. അതിൽ കഥയടിച്ചുവരും എന്ന പ്രതീക്ഷയിൽ ഒന്ന് രണ്ട് മാസം കാത്തിരുന്നു. അപ്പോഴേക്കും ഏകാന്തതയും ഗൃഹാതുര നോവുമെല്ലാം മാറി, പ്രവാസ ജോലിയുടെ തിരക്കിലേക്ക് എന്റെ ദിനങ്ങൾ അമർന്നു കഴിഞ്ഞിരുന്നു. ഒരുദിവസം, അപ്രതീക്ഷിതമായി ഒരു സുഹൃത്ത് കമ്പനി ഫോണിലേക്ക് വിളിച്ച് ഒന്നുമറിയാതെ ഒരാൾ വായിച്ചു, നന്നായിരിക്കുന്നു എന്നറിയിച്ചു.

ഒന്നുമറിയാതെ ഒരാളൊ? അതാര്? അതെന്ത്? ഒന്നുമൊന്നും എനിക്ക് മനസിലായില്ല. എടോ താനെഴുതിയ കഥ, മലയാളം ന്യൂസിൽ ഇപ്പോൾ വായിച്ചിട്ടിരിക്കുകയാണ്. എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. അതുകൊണ്ടാണ് വിളിച്ചത് പറഞ്ഞ് അയാൾ ഫോൺ വെച്ചു.

തൊട്ടടുത്തുള്ള കടയിൽ പോയി മലയാളം ന്യൂസ് വാങ്ങി നോക്കുേമ്പാൾസർഗ വീഥി പേജിന്റെ ഏറ്റവും മുകളിൽ നല്ല വലിപ്പത്തിൽ മനോഹരമായ രേഖാചിത്രങ്ങളോടെ ആ കഥ അടിച്ചുവന്നിരിക്കുന്നു. എന്റെ പേരിലാണ്. എന്നാൽ കഥയുടെ പേര് മാറിയിരിക്കുന്നു. കഥയെല്ലാം എന്റേത് തന്നെ പത്രാധിപർ കഥയുടെ പേര് മാറ്റിയതാണെന്ന് മനസിലായി. എന്റെ കഥയുടെ പേര് മാറ്റാൻ അവരാര് എന്നല്ല ഞാൻ ചിന്തിച്ചത്. നല്ല പേരെന്ന് സ്വയം പറഞ്ഞ് സന്തോഷിക്കുകയാണ് ചെയ്‌തത്‌

KU Iqbal with Oommen Chandy
ഉമ്മൻ ചാണ്ടിയുമായി ഒരു ചർച്ചയിൽ കെയു ഇഖ്‌ബാൽ

‘ചെരാത്’ പരിപാടിയും സൗഹൃദാരംഭവും

ഇതിനിടയിൽ, ചെറിയ ഇടവേളക്ക് ശേഷം പത്രപ്രവർത്തനത്തിലേക്ക് തിരിച്ചെത്തുകയും ഗൾഫ് മാധ്യമം, റിയാദ് ലേഖകനായി ചുമതല കിട്ടുകയും ചെയ്‌തു. ആയിടക്കാണ് മലയാളം ന്യൂസിന്റെ റിയാദ് ലേഖകനായി കെയു ഇഖ്‌ബാൽ ജിദ്ദയിൽ നിന്നെത്തിയത്. അന്ന് റിയാദിലുണ്ടായിരുന്ന കുഞ്ഞഹമ്മദ് വാണിമേൽ ജിദ്ദയിലെ പത്രം ആസ്‌ഥാനത്തേക്ക് സ്‌ഥലം മാറിപ്പോയതിന്റെ ഒഴിവിലാണ് ഇഖ്ബാലിന്റെ വരവ്.

ഞങ്ങൾ കുറച്ച് സാഹിത്യ തൽപരർ ചേർന്ന് അക്കാലത്ത് രൂപവൽകരിച്ച ചെരാത് സാഹിത്യ വേദിയുടെ ഉൽഘാടന പരിപാടി. ഉൽഘാടകൻ കെയു ഇഖ്‌ബാൽ. അവിടെ വെച്ചാണ് ആദ്യമായി നേരിൽ കാണുന്നത്. പരിപാടിയിൽ സംസാരിക്കെ അദ്ദേഹം എന്റെ കഥയെ കുറിച്ച് പറഞ്ഞു. ആ കഥ അവിടെ എത്തുന്നതിനും രണ്ടോ മൂന്നോ മാസം മുമ്പാണ് അദ്ദേഹം മലയാളം ന്യൂസിൽ പത്രാധിപസമിതി അംഗമായി ചേരുന്നത്.

KU Iqbal with Riyad Indian Media Forum Members
ഇഖ്​ബാൽ, ചലച്ചിത്ര സംവിധായകൻ ശശി പരവൂർ എന്നിവർ ‘റിയാദ്​ ഇന്ത്യൻ മീഡിയ ഫോറം’ പ്രവർത്തകരോടൊപ്പം

സാഹിത്യത്തിൽ താൽപര്യമുള്ള ആളായതിനാൽ അദ്ദേഹത്തിന് ആദ്യം കിട്ടിയ ചുമതല സർഗവീഥി പേജിന്റേതായിരുന്നു. കഥകളും കവിതകളും വന്നു കുമിഞ്ഞുകിടക്കുന്നു. ഇത്രയധികം പ്രവാസിയെഴുത്തുകാരോ എന്ന് ഞെട്ടി അദ്ദേഹം ഓരോ ദിവസവും ആ സർഗ കൂമ്പാരങ്ങൾ ചികയാൻ തുടങ്ങി. ജോലിസമയം പോരാഞ്ഞ് വീട്ടിൽ കൂടി കൊണ്ടുപോയി വായിച്ചാണ് കെട്ടുകണക്കിന് കഥകളിലും കവിതകളിലും നിന്ന് പ്രസിദ്ധീകരണ യോഗ്യമായവ തിരഞ്ഞെടുക്കുന്ന കഠിന ജോലി ചെയ്‌തിരുന്നത്‌.

അക്കൂട്ടത്തിൽ പൊട്ടിക്കാതെ കിടന്ന ഒരു തപാൽ കവറിനുള്ളിൽ നിന്നാണ് എന്റെ കഥ അദ്ദേഹം കണ്ടെടുക്കുന്നത്. കഥയുടെ പേര് അദ്ദേഹത്തിനിഷ്‌ടപ്പെട്ടില്ല. അതുകൊണ്ട് സ്വയം ഒരു പേരിട്ടു, ‘ഒന്നുമറിയാതെ ഒരാൾ’. അത് തൊട്ടടുത്ത ദിവസം തന്നെ സർഗവീഥിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

റിയാദിലേക്കുള്ള ഈ വരവിൽ ആ കഥാകൃത്തിനെയും കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. അവിടെ വെച്ചാരംഭിച്ചതാണ് സൗഹൃദം

KU Iqbal, Ghazanfar, Najim Kochukalunk with Vayalar Ravi
വയലാർ രവിക്കൊപ്പം വലത്ത് നിന്ന്; നജിം കൊച്ചുകലുങ്ക്, കെയു ഇഖ്‌ബാൽ, ഗസൻഫർ അലിഖാൻ

ഇഖ്‌ബാൽ എന്ന പ്രേരകശക്‌തി; അതിന്റെ പ്രതിഫലനവും 

തന്റെ അതേ ജോലി ചെയ്യുന്ന സഹജീവിയായിട്ടും അദ്ദേഹം എന്നെ കുറിച്ച് പറയുേമ്പാഴും എഴുതുമ്പോഴുമെല്ലാം കഥാകൃത്ത് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അങ്ങനെ വിളിച്ചുകേൾക്കുന്നതിൽ ഉള്ളിൽ ഒരു സുഖമുണ്ടായിരുന്നെങ്കിലും പറയാൻതക്ക ഒരു നല്ല കഥ പോലും എഴുതിയിട്ടില്ലാത്ത എന്നിൽ അതൊരു തരം സങ്കോചമുണ്ടാക്കിയിരുന്നു.

മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കുന്നതിൽ ഒരുതരത്തിലുമുള്ള മടിയും അസൂയയുമൊന്നുമില്ലാത്ത പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. അത്തരത്തിൽ ഒരു അസഹിഷ്‌ണുതയും ഇല്ലാത്ത പത്രപ്രവർത്തകൻ എന്നത് അപൂർവമായ ഒരു നല്ല ഗുണമായിട്ടാണ് എനിക്ക് തോന്നിയത്.

KU Iqbal
കെയു ഇഖ്‌ബാൽ

അതുകൊണ്ടാണ് റിയാദിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് കെയു ഇഖ്‌ബാൽ എന്ന പത്രപ്രവർത്തകന്റെ സാന്നിധ്യം ഉത്തേജനവും പ്രോൽസാഹനവുമായി മാറിയത്. റിയാദ് നഗരത്തിൽ മാത്രമല്ല, അഞ്ഞൂറ് കിലോമീറ്ററകലെയുള്ള ചെറുകിട പട്ടണങ്ങളിലും ഗ്രാമീണ മേഖലകളിൽ പോലും മലയാളി സമാജങ്ങളും കലാസാംസ്‌കാരിക കൂട്ടായ്‌മകളും ഉണ്ടാകാനും കെയു ഇഖ്‌ബാൽ പ്രേരകമായിട്ടുണ്ട്.

വലിയ കലാസാംസ്‌കാരിക അഭിവൃദ്ധിയും ജീവകാരുണ്യ പ്രവർത്തനത്തോടുള്ള താൽപര്യവും പ്രവാസി മലയാളി സമൂഹത്തിൽ ദൃശ്യമാകാനും അദ്ദേഹത്തിന്റെ പത്രപ്രവർത്തനവും മുന്നിട്ടിറങ്ങി നടത്തുന്ന ഇടപെടലുകളും കരണമായതായാണ് ഞാൻ മനസിലാക്കുന്നത്.

From Left _ KU Iqbal, Najim Kochukalunk with MA Yusuff Ali
ഇടത്ത് നിന്ന് നജിം കൊച്ചുകലുങ്ക്, കെയു ഇഖ്‌ബാൽ തുടങ്ങിയവർ എംഎ യൂസഫലിയെ റിപ്പോർട് ചെയ്യാൻ എത്തിയപ്പോൾ

സർഗാത്‌മകതയുള്ള ഒരു പത്രപ്രവർത്തകന് സമൂഹത്തിൽ ചെലുത്താനാവുന്ന സ്വാധീന ശക്‌തിക്കുള്ള തെളിവായി മാറി ഇഖ്ബാൽ.  ചലച്ചിത്ര സംവിധായകൻ കമൽ മുതൽ മോഹൻലാൽ എന്ന വലിയ നടനും സക്കറിയ ഉൾപ്പടെയുള്ള പ്രശസ്‌ത എഴുത്തുകാരും വരെ റിയാദിലെത്തുകയും സാംസ്‌കാരിക ചലനങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ, അതിന് പിന്നിൽ ഇഖ്ബാൽ എന്ന പത്രപ്രവർത്തകന്റെ ഇടപെടലുകളോ അതിന്റെ പ്രതിഫലനമോ കൂടിയുണ്ടാകും എന്ന കാര്യം നിസ്‌തർക്കിതമാണ്.  

നൻമയുടെ വളർച്ചക്ക് വളമിട്ടുള്ള ജീവിതം

പ്രവാസലോകത്തെ കലാസാംസ്‌കാരിക രംഗത്ത് മാത്രമല്ല, പ്രവാസത്തിനിടയിൽ അടിതെറ്റി വീഴുന്നവർക്ക് തണലിടാൻ ജീവകാരുണ്യ പ്രവർത്തനവഴിയിൽ ഒട്ടേറെ നൻമ മരങ്ങളെ വളർത്താനും ഇഖ്‌ബാൽ ധാരാളം വെള്ളമൊഴിച്ചിരുന്നു. ശിഹാബ് കൊട്ടുകാട്, തെന്നല മൊയ്‌തീൻ കുട്ടി, കൃഷ്‌ണൻകുട്ടി, എഗ്ഗി തോമസ് തുടങ്ങി എത്രയെത്ര ജീവകാരുണ്യ പ്രവർത്തകർക്കാണ് അദ്ദേഹം ഊർജവും പ്രോൽസാഹനവും നൽകി സമൂഹത്തിന് പ്രയോജനപ്പെടുന്നവരാക്കി മാറ്റിയത്.

KU Iqbal With Wife
ഇഖ്‌ബാൽ തന്റെ പ്രിയതമക്കൊപ്പം

നേരിട്ടിറങ്ങിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇഖ്‌ബാൽ നേതൃത്വം നൽകിയിട്ടുണ്ട്. എത്രയോ സംഭവങ്ങൾ ഉദാഹരണമായി എടുത്തുപറയാനുണ്ട്. റിയാദിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്‍മയായറിയാദ്​ ഇന്ത്യൻ മീഡിയ ഫോറം ഉണ്ടായപ്പോൾ ഇഖ്‌ബാൽ അതിന്റെ പ്രഥമ പ്രസിഡണ്ടായി. അക്കാലം മുതൽ, പിന്നീടങ്ങോട്ട് ഇദ്ദേഹം നടത്തിയ ഒട്ടുമിക്ക പ്രവർത്തനങ്ങളുടെയും ഭാഗമാകാനോ കാഴ്‌ചക്കാരനാകാനോ സാധിച്ചു.

വിസ്‌താരഭയത്താൽ ചുരുക്കുന്നു. ഇതിനിടയിലും സർഗാത്‌മകമായ എഴുത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പ്രവാസത്തിലെ ജീവിത യാത്രക്കിടയിൽ നിലതെറ്റി വീണവരെ കുറിച്ച് അദ്ദേഹം നിരന്തരം എഴുതി. അതിലൊരു സംഭവമാണ് പിന്നീട് ‘ഗദ്ദാമ’ എന്ന പ്രശസ്‌ത ചലച്ചിത്രത്തിന് ഇതിവൃത്തമായത്.  

KU Iqbal _ Khaddama Movie Poster
കാവ്യ, ഗദ്ദാമ പോസ്‌റ്റിനൊപ്പം

വീഴ്‌ചയും തിരിച്ചുവരവും

ഒന്നരപതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ദൈനംദിന പത്രപ്രവർത്തനം അങ്ങനെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനവും സാംസ്‌കാരിക പ്രവർത്തനവുമായി മാറുകയായിരുന്നു. എന്നാൽ, മുമ്പ് അദ്ദേഹം പല പ്രവാസ ജീവതങ്ങളിലെയും അടിതെറ്റലുകളെ കുറിച്ച് എഴുതിയത് പോലൊരു ഗതിമാറ്റമാണ് സ്വന്തം ജീവിതത്തിലും സംഭവിച്ചത്. ദമാം മീഡിയാ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞതുപോലെ, പ്രവാസികൾക്കുള്ള ശക്‌തമായ ഓർമപ്പെടുത്തൽ കൂടിയായി മാറുകയായിരുന്നു അദ്ദേഹത്തിന്റെ അവസാനകാല ജീവിതം.

KU Iqbal With Talmiz Ahmad
സൗദിയിലെ മുൻ ഇന്ത്യൻ അംബാസഡർ തൽമീസ്​ അഹമ്മദിനൊപ്പം ഇഖ്ബാൽ (ഫോട്ടോ കടപ്പാട് – Iqbal Hossain)

സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പത്രപ്രവർത്തനത്തിൽ നിന്ന് ഗതിമാറി കച്ചവട വഴികളിലേക്ക് ഒഴുകാൻ തുടങ്ങിയത് ജീവിതത്തിന്റെ സ്വചന്ദമായ പ്രവാഹത്തിൽ ചില അപ്രതീക്ഷിത പതനങ്ങളുണ്ടാക്കി. അത് സ്വാഭാവികവുമാണ്.

എന്നിരുന്നാലും, ഒരുകാലത്ത് തനിക്ക് ജീവിതം നൽകിയ അതേ അക്ഷരങ്ങൾ കൊണ്ട് നഷ്‌ടപ്പെട്ടതൊക്കെ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു അവസാന കാലത്ത്. എഴുത്തിൽ വീണ്ടും സജീവമായും മിടുക്കരായ മക്കളുടെ വിദ്യഭ്യാസ നേട്ടമോർത്തും ആഹ്ളാദം വീണ്ടെടുക്കുകയായിരുന്നു ഒടുവിൽ അദ്ദേഹം. ഈ കാലത്ത് എഴുതിക്കൂട്ടിയതെല്ലാം ഒരു പുസ്‌തകമാക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ മടക്കം, എഴുതി പൂർത്തിയാവാതെ പോയ ഒരു പുസ്‌തകം പോലെ!

Most Read: അറിയാം; സറോഗസി അഥവാ സറഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണം

COMMENTS

  1. നജീം ജി, ഹൃദയസ്പർശിയായ ഓർമ്മ കുറിപ്പ്…. ??
    K. U. ഇഖ്‌ബാൽ നു പ്രണാമം ???

  2. ഭിക്ഷാടന വഴിയിലെ ഹൂത്തി മിസൈലാണ് ആദ്യംവായിച്ചത്…പിന്നെ ഇഖ്‌ബാൽ സാഹിബ് എഴുതിയ കുറെയെണ്ണം തപ്പി വായിച്ചിരുന്നു…അറിയപ്പെടും മുൻപ് മറഞ്ഞുപോയ നല്ലൊരു എഴുത്തുകാരൻ…

  3. പ്രിയപ്പെട്ട നജീം….
    പ്രിയപ്പെട്ട കെ.യു.ഇക്ക് ബാൽ എന്ന പത്രപ്രവർത്തകന്റെ അകാല വിയോഗം വലിയ ദു:ഖമുണ്ടാക്കി…താങ്കളുടെ കുറിപ്പ് ഹൃദയസ്പർശമായി…റിയാദിലെ പൊതു സമുഹത്തിന് ജീവകാരുണ്യ പ്രവർത്തനങ്ങളും രാഷ്ട്രീയ,കലാ-സാംസ്കാരിക പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുവാൻ ഇക്ബാലിന്റെ വിരലുകൾ ഒരുപാട് ചലിപ്പിച്ചിട്ടുണ്ട്…
    ഇക്ക്ബാലാണ് റിയാദിലെ എല്ലാ മേഖലകളിലുള്ളവരെയും കണ്ടെത്തുന്നതിൽ മുൻപിൽ നിന്ന് പ്രവർത്തിച്ചത്…

  4. ഹൃദ്യമായ കുറിപ്പ്. ഇഖ്‌ബാൽ എന്ന ഏഴുത്തുകാരന്റെ പുസ്‌തകങ്ങളുടെയും മറ്റും പേരുകൾ നൽകാമിയിരുന്നു.എന്നെ പോലുള്ളവർക്ക് അത് സഹായകമാകുമായിരുന്നു. നജീം സാറിന്റെ ഓർമ്മക്കുറിപ്പ് ഹൃദ്യമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE