ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായ ലാവ്‌ലിന്‍ കേസില്‍ ഇന്ന് നിര്‍ണായക വാദം തുടങ്ങും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുക ആണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്‌ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. ഇന്ന് കേസില്‍ വാദത്തിന് തയാറാണെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിക്കും.
ഇരുപതിലധികം തവണ മാറ്റിവച്ച ലാവ്‌ലിന്‍ കേസിലെ അപ്പീലില്‍ ഇന്ന് സിബിഐ സുപ്രീം കോടതിയില്‍ വാദം പറയും. കേസില്‍ വാദം നടത്തുന്നതിന് മുന്നോടിയായി സിബിഐ ഉദ്യോഗസ്‌ഥരെ കണ്ട് അഭിഭാഷകര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. തുഷാര്‍ മേത്തയാവും കോടതിയില്‍ സിബിഐക്കായി ഹാജരാവുക.
ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്‌തമായ തെളിവുകള്‍ ഉണ്ടെങ്കിൽ മാത്രമേ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രീം കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇന്ന് മുതല്‍ കേസില്‍ വാദം ആരംഭിക്കാം എന്ന സിബിഐ നിലപാടിനോട് മറ്റു കക്ഷികളും യോജിച്ചിട്ടുണ്ട്.
പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്‌തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സിബിഐ ഹരജി നൽകിയത്. പ്രതിപട്ടികയിലുള്ള കസ്‌തൂരിരംഗ അടക്കമുള്ളവര്‍ നല്‍കിയ ഹരജിയും ഈ കേസിനൊപ്പം സുപ്രീം കോടതി പരിഗണിക്കും.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറാണ് കേസിനാധാരം. കേരള രാഷ്‌ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ കേസില്‍ ഇന്നത്തെ മുഖ്യമന്ത്രിയും നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയുമായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെട്ടതോടെ വലിയ വിവാദങ്ങള്‍ക്ക് തന്നെ വഴിവെച്ചിരുന്നു.
2003ലാണ് എകെ ആന്റണി സര്‍ക്കാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് സിബിഐ ഏറ്റെടുത്ത കേസില്‍ പിണറായിയെ കുറ്റവിമുക്‌തനാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിണറായി വിജയന്റെ രാഷ്‌ട്രീയ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ട കേസ് കൂടിയാണ് ലാവ്‌ലിൻ.
Read Also: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വർധിച്ചു