മലപ്പുറം ജില്ലയിലെ 12 നഗരസഭകളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും പരിചയപ്പെടാം

By Desk Reporter, Malabar News
Malappuram Local Body Election
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതെണ്ണമാണ് യുഡിഎഫ് പിടിച്ചടക്കിയിരുന്നത്. എന്നാൽ നിലമ്പൂർ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിനെ ഞെട്ടിച്ചിരുന്നു. തിരൂർ നഗരസഭയെ എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിച്ച യുഡിഎഫിന് പക്ഷെ നിലമ്പൂർ നഗരസഭ അപ്രതീക്ഷിത നഷ്‌ടവും മാനഹാനിയും തന്നെയാണ്. എൽഡിഎഫിനെ 2015ലെ പോലെ മൂന്നിൽ ഒതുക്കിയതാണ് യുഡിഎഫിന്റെ ഏക ആശ്വാസം.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ജില്ലയിലെ ഏറ്റവും തിളക്കമേറിയ ജയം നിലമ്പൂരിലേത് തന്നെയാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സീറ്റ് പോലും നേടാൻ കഴിയാതെ മുസ്‌ലിംലീഗ് ഇവിടെ തകർന്നുവീണത്. ജില്ലയിലെ 33,55,028 വോട്ടര്‍മാരില്‍ 26,47,946 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ജില്ലയില്‍ 12,37,974 പുരുഷ വോട്ടര്‍മാരും 14,09,963 വനിതാ വോട്ടര്‍മാരും ഒന്‍പത് ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ് വോട്ട് ചെയ്‌തിരുന്നത്‌.

12 നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും

യൂത്ത്‌ലീഗ് സംസ്‌ഥാന സെക്രട്ടറിയും മുസ്‌ലിംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിന്റെ സഹോദരി പുത്രനും കൂടിയായ മുജീബ് കാടേരിയാണ് യുഡിഎഫിന്റെ കൈയിലുള്ള മലപ്പുറം നഗരസഭയെ ചെയർമാൻ സ്‌ഥാനത്തിരുന്നു നയിക്കുക. വൈസ് ചെയർ പേഴ്‌സണായി ഫൗസിയ കുഞ്ഞിപ്പുവാണ് ഭരണത്തിലെത്തിയത്.

Mujeeb Kaderi
മുജീബ് കാടേരി

മഞ്ചേരി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, മലപ്പുറം ഗവ. കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ വ്യക്‌തിയാണ്‌ മുജീബ് കാടേരി. ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ നിര്‍മാണ സ്‌ഥാപനത്തിന്റെ മാനേജിംഗ് ഡയറക്‌ടർ കൂടിയാണ് ഇദ്ദേഹം. മുസ്‌ലിം ലീഗിന്റെ യുവപ്രതിഭയായ ഇദ്ദേഹം 2000-2001 കാലഘട്ടത്തില്‍ മലപ്പുറം ഗവ. കോളേജ് യൂണിയന്‍ ചെയര്‍മാനായിട്ടാണ് വിദ്യാർഥി രാഷ്‌ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. പാരമ്പര്യമായി രാഷ്‌ട്രീയ കുടുംബത്തിലാണ് മുജീബിന്റെ ജനനം. പിതാവ് കാടേരി അബ്‌ദുൽ അസീസ് ഇതേ നഗരസഭയില്‍ ദീര്‍ഘകാലം കൗണ്‍സിലറും വൈസ് ചെയര്‍മാനുമായിരുന്നു.

മഞ്ചേരി നഗരസഭയിൽ പെൺപെരുമയാണ് ഇത്തവണയും ഭരണം കാഴ്‌ചവെക്കുക. യുഡിഎഫിന്റെ വിഎം സുബൈദ തന്നെ ചെയർ പേഴ്‌സണായി തുടരും. വൈസ് ചെയർപേഴ്‌സൺ അഡ്വ. ബീനാ ജോസഫാണ്.

VM SUBAIDHA
വിഎം സുബൈദ

പ്രമുഖ പ്രവാസിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ കെഎംസിസി ഘടകമായ സൗദി കെഎംസിസിക്കു നേതൃത്വം നൽകുകയും ചെയ്‌തിരുന്ന കെപി മുഹമ്മദ് കുട്ടിയാണ് തിരുരങ്ങാടി നഗരസഭയിൽ ചെയർമാൻ സ്‌ഥാനത്ത് വരുന്നത്. വൈസ് ചെയര്‍പേഴ്‌സണായി യുഡിഎഫിലെ 9ആം ഡിവിഷന്‍ കൗണ്‍സിലര്‍ സിപി സുഹറാബിയും തിരഞ്ഞെടുക്കപ്പെട്ടു.

KP MUHAMMEDKUTTY
കെപി മുഹമ്മദ് കുട്ടി

പരപ്പനങ്ങാടിയിൽ ഉള്ളണം പത്താം ഡിവിഷനിൽ നിന്നുള്ള കൗൺസിലറും പ്രഥമ നഗരസഭാ ഭരണസമിതിയിൽ ‘സ്‌ഥിരസമിതി’ ചെയർമാനുമായിരുന്ന എ ഉസ്‌മാനാണ് നഗരസഭയുടെ ഭരണാധികാരി. ഇദ്ദേഹം നേരത്തെ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. വൈസ് ചെയർപേഴ്‌സണായി കെ ഷഹർബാനുവാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണയും മുനിസിപ്പൽ കൗൺസിലിൽ അംഗമായിരുന്ന ഷഹർബാനു കുടുംബശ്രീയുടെ എഡിഎസ് അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.

A USMAN
എ ഉസ്‌മാൻ

കൊണ്ടോട്ടിയിലെ യുഡിഎഫ് ഭരണസമിതിയെ സിടി ഫാത്തിമ സുഹ്റ ചെയർപേഴ്‌സണായി നയിക്കും. വൈസ് ചെയർമാനായി പി സനൂപ്‌മാസ്‌റ്ററാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടക്കൽ നഗരസഭയെ മുസ്‌ലിം ലീഗിലെ വനിതാനേതാവും നഗരസഭയുടെ മുൻ വൈസ് ചെയര്‍പേഴ്‌സണുമായി ബുഷ്‌റ ഷബീറാണ് ഇത്തവണ ചെയര്‍പേഴ്‌സണായി നയിക്കുക. വൈസ് ചെയർമാൻ പിപി ഉമറാണ്.

വളാഞ്ചേരിയിലെ യുഡിഎഫ് നഗരസഭയെ അഷ്റഫ് അമ്പലത്തിങ്ങൽ ചെയർമാനായി നയിക്കും. സംസ്‌ഥാനത്തെ ഏക ജില്ലാ സഹകരണബാങ്കായ മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ ഡയറക്‌ടറും മുൻ മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ടും കേരളാ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്രനെ പരാജയപ്പെടുത്തിയ ലീഗിന്റെ നേതാവുമാണ് അഷ്റഫ് അമ്പലത്തിങ്ങൽ. ഇവിടെ റംല മുഹമ്മദാണ് ചെയര്‍പേഴ്‌സൺ.

AP NASEEMA
എപി നസീമ

യുഡിഎഫ് തിരികെ പിടിച്ച തിരൂർ നഗരസഭയെ ഇത്തവണ വനിതാ നേതാവാണ് നയിക്കുന്നത്. എപി നസീമ ആളത്തിൽ പറമ്പിലാണ് തിരൂർ നഗരസഭയുടെ ചെയര്‍പേഴ്‌സണാകുന്നത്. 2010-15 വർഷത്തെ കൗൺസിലിലും അംഗമായിരുന്നു നസീമ. 10ആം ഡിവിഷനിൽ നിന്നാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. പി രാമൻ കുട്ടി വൈസ് ചെയർമാനാകും.

താനൂരിൽ യുഡിഎഫ് നഗരസഭയുടെ ചെയർമാനാകുന്നത് പിപി ഷംസുദ്ദീനാണ്. നഗരസഭ അധ്യക്ഷ സ്‌ഥാനത്തേക്ക്‌ പിപി ഷംസുദ്ദീനെയാണ് മുസ്‌ലിംലീഗ് പ്രഖ്യാപിച്ചത്. ആദ്യ രണ്ടരവർഷമാണ് കോർമൻകടപ്പുറം വാർഡംഗം പിപി ഷംസുദ്ദീൻ അധ്യക്ഷനാവുക. തുടർന്നുള്ള രണ്ടരവർഷം യൂത്ത്‌ലീഗ് താനൂർ നിയോജകമണ്ഡലം പ്രസിഡണ്ടും ‘മോര്യ’ വാർഡംഗവും മാദ്ധ്യമ പ്രവർത്തകനുമായ റഷീദ് മോര്യ നഗരസഭാധ്യക്ഷനാകും. സികെ സുബൈദ വൈസ് ചെയര്‍പേഴ്‌സണാകും.

എൽഡിഎഫ് നിയന്ത്രിക്കുന്ന പെരിന്തൽമണ്ണ നഗരസഭയെ പി ഷാജി നയിക്കും. നസീറ ടീച്ചറാണ് വൈസ് ചെയര്‍പേഴ്‌സണായി വന്നിരിക്കുന്നത്. 35കാരനായ ഷാജി ഡിവൈഎഫ്‌ഐ പെരിന്തൽമണ്ണ ബ്‌ളോക് പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമാണ്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ കോ-ഓപറേറ്റീവ് അർബൻ ബാങ്ക് പുലാമന്തോൾ ശാഖ ജീവനക്കാരനാണ് ഇദ്ദേഹം.

P SHAJI and A NASEERA
പി ഷാജി & നസീറ ടീച്ചർ

വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ കുന്നപ്പള്ളിയിലെ ആദ്യകാല കമ്യൂണിസ്‌റ്റ് നേതാവ് ‘അറയം കോട്ടിൽ സുലൈമാൻ ഹാജിയുടെ’ ഇളയ മകളും കുന്നപ്പള്ളി കിഴക്കേതിൽ ഫാറൂഖിന്റെ ഭാര്യയുമാണ്. ഇംഗ്ളീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയിട്ടുണ്ട്. സിപിഐഎം ആശാരിക്കര ബ്രാഞ്ച് അംഗവും മഹിളാ അസോസിയേഷൻ യൂണിറ്റ് സെക്രട്ടറിയുമാണ് നസീറ ടീച്ചർ.

രാഷ്‌ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത നിലമ്പൂർ നഗരസഭയെ എൽഡിഎഫിന് വേണ്ടി മാട്ടുമ്മൽ സലീം ചെയർമാനായി നയിക്കും. വൈസ് ചെയര്‍പേഴ്‌സണായി അരുമ ജയകൃഷ്‌ണനാണ് ഭരണസമിതിയിൽ ഉള്ളത്. സിനിമാ നടൻ റഹ്‌മാന്റെ ബന്ധുവും 54കാരനുമായ സലീം സിപിഐഎം നിലമ്പൂർ ഏരിയാ കമ്മിറ്റിയംഗമാണ്‌. സിഐടിയു ഏരിയാ പ്രസിഡണ്ട്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അം​ഗം എന്നീ സ്‌ഥാനങ്ങളും വഹിക്കുന്നു. നിലമ്പൂർ ചന്തക്കുന്ന് റൂറൽ കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടാണ്‌.

Mattummal Saleem
മാട്ടുമ്മൽ സലിം

അരുമ ജയകൃഷ്‌ണൻ മുൻ നഗരസഭ അംഗമാണ്. നിലവിലെ സിപിഐഎം ഏരിയാ കമ്മിറ്റി അം​ഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറിയുമാണ്. മികച്ച കലാകാരിയായ ഇവർ വഴിക്കടവ് സബ് ഇൻസ്‌പെക്‌ടർ ജയകൃഷ്‌ണന്റെ ഭാര്യയാണ്. ബേക്കേഴ്‌സ്‌ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി പദവികൂടി വഹിക്കുന്നുണ്ട്.

എൽഡിഎഫ് നിലനിറുത്തിയ പൊന്നാനി നഗരസഭയെ ഇത്തവണ ചെയർമാനായി നയിക്കുന്നത് ശിവദാസ് ആറ്റുപുറവും വൈസ് ചെയര്‍പേഴ്‌സണായി ബിന്ദു സിദ്ധാർഥനുമാണ്. പൊന്നാനി, ചാലക്കുടി, ഗുരുവായൂർ, തിരൂർ നഗരസഭകളിൽ സർക്കാർ സർവീസിൽ സേവനമനുഷ്‌ഠിച്ച് അനുഭവസമ്പത്തുള്ള ശിവദാസ് ആറ്റുപുറം 2019ൽ സൂപ്രണ്ട് ഗ്രേഡിൽ ഹെഡ് ക്ളർക്കായി പൊന്നാനി നഗരസഭയിൽ നിന്നാണ് വിരമിച്ചത്.

Sivadas Attupuram
ശിവദാസ് ആറ്റുപുറം

കേരള മുനിസിപ്പൽ കോർപറേഷൻ സ്‌റ്റാഫ്‌ യൂണിയൻ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്‌ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗവ.വിക്‌ടോറിയ കോളേജിൽനിന്നും സസ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സെക്രട്ടറി, ബാലസംഘം ഏരിയാ കൺവീനർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കിലയുടെ ഫാക്കൽറ്റി അംഗവുമാണ്. ഭാര്യ എപി ശാന്ത പൊന്നാനി നഗരസഭയിലെ ആരോഗ്യ വിഭാഗം സീനിയർ ക്ളർക്കാണ്.‌

വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർഥൻ സിവിൽ എന്‍ജിനിയറാണ്. തെയ്യങ്ങാട് 21ആം വാർഡിൽനിന്ന് ബിജെപിയുടെ കയ്യിലെ സീറ്റ് പിടിച്ചെടുത്താണ് ജനകീയത തെളിയിച്ചത്. 2005ലും 2010ലും നഗരസഭാംഗമായ അനുഭവ സമ്പത്തുണ്ട്. 2010ൽ ആരോഗ്യ സ്‌ഥിരംസമിതി അധ്യക്ഷയായിരുന്നു. സിപിഐഎം പൊന്നാനി ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡണ്ടുമാണ്.

Most Read: ജില്ലാ വിഭജനമടക്കം സമഗ്ര വികസന നിര്‍ദ്ദേശങ്ങളുമായി കേരള മുസ്‌ലിം ജമാഅത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE