എറണാകുളത്ത് പ്രാദേശിക ലോക്ക്ഡൗൺ; നാളെ മുതൽ പ്രാബല്യത്തിൽ

By Desk Reporter, Malabar News
Representational Image
Ajwa Travels

കൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്ന എറണാകുളത്ത് ജില്ലാ ഭരണകൂടം പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളടക്കം 113 ഡിവിഷനുകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കൊച്ചി കോർപ്പറേഷനിലെ അഞ്ച് വാ‍‍ർഡുകളിലും ലോക്ക്ഡൗൺ ബാധകമാണ്.

ബുധനാഴ്‌ച വൈകിട്ട് 6 മണി മുതല്‍ ലോക്ക്ഡൗൺ പ്രാബല്യത്തില്‍ വരും. 7 ദിവസത്തേക്കാണ് ലോക്ക്ഡൗൺ നടപ്പാക്കുക. സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് നാഗരാജു, റൂറല്‍ എസ്‌പി എസ് കാര്‍ത്തിക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

കൊച്ചി കോര്‍പ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകള്‍ ഉള്‍പ്പടെ ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിലെ 113 വാര്‍ഡുകളാണ് കണ്ടെയ്ൻമെന്റ് സോണ്‍ ആക്കുന്നത്. മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ൻമെന്റ് സോണുകളായ എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകള്‍ അടച്ചിടും.

കണ്ടെയ്ൻമെന്റ് സോണുകളാക്കിയ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. വിവാഹങ്ങള്‍ക്ക് പരമാവധി 20 പേരും മരണാനന്തര ചടങ്ങുകളില്‍ 10 പേരും മാത്രമേ പങ്കെടുക്കാവൂ. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിരോധിച്ചു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്‌സല്‍ വിതരണം നടത്താം. അവശ്യ സര്‍വീസുകള്‍ക്ക് പ്രവൃത്തിക്കാം. ജനങ്ങളുടെ ഉപജീവന മാര്‍ഗം മുടങ്ങുന്ന വിധത്തില്‍ ജോലിക്കായി പോകുന്നവരെ തടയില്ല. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡോ തൊഴിലുടമയുടെ കത്തോ കയ്യിൽ കരുതിയിരിക്കണം.

മതപരമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ നടത്താവൂ. റംസാന്‍ വ്രതത്തിന്റെ ഭാഗമായുള്ള നോമ്പുതുറ വീടുകളില്‍ തന്നെ നടത്തണം. പ്രാര്‍ഥനയ്‌ക്ക് മാത്രം മസ്‌ജിദിൽ സാമൂഹിക അകലം പാലിച്ച് പ്രവേശിക്കാം. മസ്‌ജിദിൽ ഇഫ്‌താർ വിരുന്നുകള്‍ സംഘടിപ്പിക്കരുത്. കണ്ടെയ്‌മെന്റ് സോണുകളിലെ വ്യവസായ ശാലകള്‍, ഫാക്‌ടറികള്‍ എന്നിവയ്‌ക്ക് പ്രവര്‍ത്തിക്കാം. എന്നാൽ, അവിടുത്തെ തൊഴിലാളികള്‍ ഫാക്‌ടറി കോംപൗണ്ടില്‍ തന്നെ താമസിക്കുന്നതിന് സൗകര്യമൊരുക്കണം.

ഓരോ ദിവസവും കണ്ടെയ്ൻമെന്റ് സോണുകളാക്കുന്ന പ്രദേശങ്ങളിൽ തൊട്ടടുത്ത ദിവസം വൈകിട്ട് ആറു മുതല്‍ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. കണ്ടെയ്ൻമെന്റ് സോണുകളില്‍ ഒരു എന്‍ട്രിയും ഒരു എക്‌സിറ്റും മാത്രമേ ഉണ്ടാകൂ. ഇവിടെ പോലീസിന്റെ പരിശോധനയുണ്ടാകും. നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് കളക്‌ടർ അഭ്യര്‍ഥിച്ചു.

Also Read:  കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളിലേക്ക്; വിവാഹത്തിന് ഇനി അഞ്ച് പേർ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE