പൊന്നാനി: ഗതാഗതകുരുക്കില്‍ നട്ടം തിരിയുന്ന പൊന്നാനിക്ക് തുണയാകാൻ ഇന്നലെ രംഗത്തിറങ്ങിയ മെട്രോമാൻ ഇ ശ്രീധരൻ ചുമതലപ്പെടുത്തിയ ടീം ഇന്ന് അങ്ങാടിപ്പാലം സന്ദർശിച്ചു പഠനം നടത്തി. 3 മണിക്കൂറോളം ടീമംഗങ്ങൾ ഇവിടെ പഠനത്തിനായി ചെലവഴിച്ചു.
ഇന്നലെ പൊതു പ്രവർത്തകരായ സമീർ ഡയാനയും സലാം ഒളാട്ടയിലും ഇ ശ്രീധരനെ നേരിട്ട് വിഷയങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയും അതനുസരിച്ചു ഇദ്ദേഹം നേരിട്ട് പൊന്നാനിയിലെ അങ്ങാടിപ്പാലം ഇന്നലെ തന്നെ സന്ദർശിക്കുകയൂം ചെയ്‌തിരുന്നു. സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ‘അങ്ങാടിപ്പാലം വീതികൂട്ടലാണ് നഗരത്തിലെ ഗതാഗതകുരുക്ക് അഴിക്കാനുള്ള ഏക പോംവഴിയെന്നും ഇതെങ്ങെനെ സാധ്യമാക്കാം എന്നതിൽ കൂടുതൽ വ്യക്‌തത വരുത്താൻ ടീമിനെ അയക്കാമെന്നും’ മെട്രോമാൻ പറഞ്ഞിരുന്നു.
ഇതനുസരിച്ചാണ് ഇ ശ്രീധരൻ ചുമതലപ്പെടുത്തിയ ടീം ഇന്ന് അങ്ങാടിപ്പാലം സന്ദർശിച്ചത്. ഇന്നലെ പറഞ്ഞ വാക്കനുസരിച്ച്, ഒരു ദിവസംപോലും വൈകാതെയാണ് ഇദ്ദേഹം ടീമിനെ പഠനത്തിനായി നിയോഗിച്ചത്. ദേശീയപാതയിലെ തന്നെ ഏറ്റവും വീതികുറഞ്ഞ പാലങ്ങളിൽ ഒന്നാണ് പൊന്നാനി അങ്ങാടിപ്പാലം. ഇത് വീതി കൂട്ടുന്നതിനായി ‘ചലിക്കുന്നപാലം’ എന്ന ആശയമാണ് സമീർ ഡയാനയും സലാം ഒളാട്ടയിലും മുന്നോട്ടുവച്ചിരുന്നത്.
“ഈ ആശയം തന്നെയാണോ നടപ്പിലാക്കുക അതോ മറ്റു സാധ്യതകൾ പരിശോധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം ആയിട്ടില്ല. ഞങ്ങൾ കാര്യങ്ങൾ പഠിച്ചുവരുന്നു” എന്നാണ് ടീമംഗം പറയുന്നത്.
“ഡിഎംആർസി നിലവിൽ പദ്ധതി ഏറ്റടുത്തിട്ടില്ല. ഇങ്ങനെയൊരു പദ്ധതി ഞങ്ങളുടെ മുന്നിൽ എത്തിയിട്ടുമില്ല. എന്നാൽ സാധ്യത തള്ളിക്കളയാൻ കഴിയില്ല. കാരണം, ഇ ശ്രീധരൻ ഈ പദ്ധതിയിൽ അന്തിമ തീരുമാനമെടുത്ത് ഡിഎംആർസിയെ ഔദ്യോഗികമായി അറിയിച്ചതിന് ശേഷം മാത്രമേ ഡിഎംആർസിയുടെ നിലപാട് ഔദ്യോഗികമായി ഉണ്ടാകു എന്നുമാത്രം“ ഡിഎംആർസിയുടെ ഉന്നത ഉദ്യോഗസ്‌ഥൻ മലബാർന്യൂസിനോട് പറഞ്ഞു. പഠനസംഘത്തെ തിണ്ടിസ് ഉടമകളായ സമീർ ഡയാനയും സലാം ഒളാട്ടയിലും അനുഗമിച്ചിരുന്നു.
Related News: രണ്ട് യുവാക്കളുടെ പരിശ്രമം; പൊന്നാനിയുടെ ‘കുരുക്കഴിക്കാൻ’ മെട്രോമാന്റെ സന്ദർശനം