കോട്ടയം: എംജി സർവകലാശാലയിൽ മാർക്ക് ലിസ്‌റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങി അറസ്‌റ്റിലായ സർവകലാശാല അസിസ്‌റ്റന്റ് സിജെ എൽസി മറ്റ് രണ്ട് വിദ്യാർഥികളുടെ കൂടി മാർക്ക് തിരുത്തിയതായി സൂചന. സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെതാണ് കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് ഉപസമിതി ശുപാർശ ചെയ്‌തിട്ടുണ്ട്.
അതേസമയം കൈക്കൂലി വാങ്ങിയത് എൽസി മാത്രമാണെന്നാണ് ഉപസമിതിയുടെ കണ്ടെത്തൽ. എംജി സർവകലാശാലയിലെ എംബിഎ സെക്ഷൻ ഓഫിസർക്ക് ജാഗ്രത കുറവുണ്ടായി എന്നും സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ നടപടി വേണമെന്നും ഉപസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
മൂല്യനിർണയ രീതികളിൽ മാറ്റം വരുത്താനും സിൻഡിക്കേറ്റ് ഉപസമിതി ശുപാർശ നൽകിയിട്ടുണ്ട്. 7000 ഡിഗ്രി സർട്ടിഫിക്കറ്റുകളാണ് സർവകലാശാലയിൽ കെട്ടിക്കിടക്കുന്നതെന്നും സമിതി കണ്ടെത്തി. പരീക്ഷാ ഫലങ്ങളിലെ കാലതാമസം ഒഴിവാക്കാൻ പ്രത്യേക ക്യാംപുകൾ വേണമെന്നും സിൻഡിക്കേറ്റ് ഉപസമിതി ശുപാർശ നൽകി.
മാർക്ക് ലിസ്‌റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എംജി സർവകലാശാല സെക്ഷൻ അസിസ്‌റ്റന്റ് ആർപ്പൂക്കര സ്വദേശിനി സിജെ എൽസിയാണ് നേരത്തെ വിജിലൻസിന്റെ പിടിയിലായത്. എംബിഎ മാർക്ക് ലിസ്‌റ്റിനും പ്രൊഫെഷണൽ സർട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിയതിനായിരുന്നു അറസ്‌റ്റ്. പത്തനംതിട്ട സ്വദേശിയോടാണ് എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
Read Also: ആറ്റുകാൽ പൊങ്കാല ഇന്ന്; ചടങ്ങ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രം