പട്ടേലിന്റെ നിയമ പരിഷ്‌കരണങ്ങൾ; അധികാര ദുർവിനിയോഗമെന്ന് എംകെ രാഘവൻ; രാഷ്‌ട്രപതിക്ക് കത്ത്

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: ലക്ഷദ്വീപിന്റെ സാമൂഹ്യജീവിതവും ആവാസ വ്യവസ്‌ഥയും തകര്‍ക്കുന്ന തരത്തിൽ അധികാര ദുർവിനിയോഗം നടത്തുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോദ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് എംകെ രാഘവൻ എംപി. ദ്വീപുനിവാസികളെ സമാധാന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും എംപി രാഷ്‌ട്രപതിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഏറെ വിചിത്രവും ജനാധിപത്യ വിരുദ്ധവുമായ നടപടികളാണ് ദ്വീപില്‍ അഡ്‌മിനിസ്‌ട്രേറ്റർ അടിച്ചേല്‍പ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും ശാന്തമായി ജനജീവിതം മുന്നോട്ടുപോയ ദ്വീപസമൂഹത്തില്‍ അരക്ഷിതത്വത്തിന്റെ വിത്തുപാകുന്നത് ജനദ്രോഹവും രാജ്യദ്രോഹവുമാണ്. മോഷണവും സംഘര്‍ഷവും കൊലപാതകവും ഭവനഭേദനവും റിപ്പോർട് ചെയ്യാത്ത ലക്ഷദ്വീപില്‍ ഗുണ്ടാ ആക്‌ട് നടപ്പാക്കിയത് രാഷ്‌ട്രീയ പ്രതിരോധം തീര്‍ക്കാൻ സാധ്യതയുള്ളവരെ നിശബ്‌ദരാക്കാന്‍ മാത്രമാണ്.

CAA -NRC വിഷയങ്ങളിൽ എതിർത്ത് കൊണ്ടുള്ള പോസ്‌റ്ററുകൾ നീക്കം ചെയ്യുക വഴി പൗരന്റെ പ്രതികരിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾക്ക് മേലാണ് വിലങ്ങിടുന്നത്. ഇതെല്ലാം തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ബീഫ് നിരോധനം ഉൾപ്പടെ ദ്വീപിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പുതിയ അധ്യയന കാലത്തെ ഭക്ഷ്യമെനുവില്‍ നിന്നും മാംസാഹാരം പൂര്‍ണമായും ഒഴിവാക്കിയെന്ന വാര്‍ത്തയും രാഷ്‌ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ഇത് ഒരു ജനതയുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നേറ്റമാണ്.

മൽസ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുമാറ്റുന്നത് ഉള്‍പ്പടെയുള്ള കിരാത നടപടികൾ നിഷ്‌കളങ്കമായി കണ്ടുനില്‍ക്കാനാവില്ല. ഡയറി ഫാമുകൾ അടച്ചു പൂട്ടാനുള്ള അഡ്‌മിനിസ്‌ട്രേറ്ററുടെ പുതിയ തീരുമാനം കുത്തകകൾക്ക് പായ വിരിക്കാനുള്ള ശ്രമമാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടി കുറച്ചത് ജനപ്രതിനിധികളുടെ അധികാരങ്ങൾ ഇല്ലായ്‌മ ചെയ്‌ത്‌ ഫാസിസ്‌റ്റ് അജണ്ടകൾ ജനതയുടെ മേൽ അടിച്ചേൽപ്പിക്കാനാണ്.

ദ്വീപിലെ സര്‍ക്കാര്‍ ഓഫിസില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് ജനജീവിതത്തെ അരക്ഷിതത്വത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. മദ്യത്തിനുള്ള നിയന്ത്രണം എടുത്തുമാറ്റി ടൂറിസത്തിന്റെ പേരില്‍, തദ്ദേശീയരെ വിശ്വാസത്തിലെടുക്കാതെ, ദ്വീപില്‍ മദ്യമൊഴുകാന്‍ തുടങ്ങിയതും സാമൂഹ്യ ജീവിതം തകര്‍ക്കാന്‍ വഴിവെക്കുമെന്ന് എംകെ രാഘവന്‍ എംപി കത്തില്‍ ചൂണ്ടിക്കാട്ടി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മൽസരിക്കണമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവരുതെന്ന നിയമം അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമം പ്രാദേശിക രാഷ്‌ട്രീയ നേതാക്കളെ ഒഴിവാക്കാനും പകരം അഡ്‌മിനിസ്‌ട്രേറ്ററുടെ നോമിനികളെ കുത്തി നിറയ്‌ക്കാനുമാണ്.

ലോകത്തെങ്ങും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ ലക്ഷദ്വീപില്‍ ഒരു കേസ് പോലും റിപ്പോർട് ചെയ്യാത്ത സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ എസ്‌ഒപിയിൽ മാറ്റം വരുത്തുക വഴി അഡ്‌മിനിസ്‌ട്രേറ്റർ രോഗവ്യാപനം കുതിച്ചുയരുന്ന അവസ്‌ഥയുണ്ടാക്കി. ഇതെല്ലാം അശാസ്‍ത്രീയ ഭരണരീതിയുടെ പ്രതിഫലനമാണെന്ന് എംകെ രാഘവന്‍ അഭിപ്രായപ്പെട്ടു.

പട്ടിക വർഗ വിഭാഗമായ ദ്വീപ് ജനതയെ വിശ്വാസത്തിലെടുത്ത് അവരുടെ സഹകരണത്തോടെ തീവ്രവാദ, മയക്കുമരുന്ന് സാധ്യതകളില്ലാതെ ടൂറിസം പദ്ധതികൾ നടപ്പിലാക്കേണ്ടതിന് പകരം വികസനത്തിന്റെ പേരിൽ അവരുടെ കെട്ടിടങ്ങൾ പൊളിക്കുന്നത് നീതീകരിക്കാനാകാത്ത നടപടികൾ ആണ്.

കാലങ്ങളായി ചരക്കു ഗതാഗതത്തിനായി ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്ത് നിന്ന് ചരക്ക് അയച്ചാല്‍ മതിയെന്ന ഉത്തരവ് ഉള്‍പ്പടെ കേരളത്തിനും ദോഷം ചെയ്യുന്നതാണ്. കേരളവുമായി ലക്ഷദ്വീപിനുള്ള പരമ്പരാഗത ബന്ധത്തെ തകര്‍ക്കുന്നതാണ് പുതിയ നടപടി. ഏറ്റവും സമാധാനത്തോടും സൗഹാര്‍ദ്ദത്തിലും വസിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ജീവിതചക്രത്തെ തന്നെ തകര്‍ക്കുകയാണ് അഡ്‌മിനിസ്‌ട്രേറ്റർ ചെയ്യുന്നത്. ഇതിനെതിരെ വ്യാപകമായ ജനരോഷമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ പ്രഫുല്‍ കെ പട്ടേലിന്റെ സേവനം അവസാനിപ്പിച്ച് പകരം ജനാധിപത്യപരമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ജനപ്രതിനിധികളുടെ അധികാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും എംകെ രാഘവന്‍ എംപി കത്തിലൂടെ ആവശ്യപ്പെട്ടു.

Also Read: ലക്ഷദ്വീപിൽ അമുൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി; പ്രതിഷേധങ്ങൾ വകവെക്കാതെ അഡ്‌മിനിസ്ട്രേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE