ന്യൂഡെൽഹി: രാജ്യത്തെ വിവിധ കോടതികളിൽ ഒരു കോടിയിൽ അധികം കേസുകൾ കെട്ടിക്കിടക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്. നീതി നടപ്പാക്കുന്നതിൽ കേരളമാണ് മുന്നിൽ. താരതമ്യേന ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ സമയബന്ധിതമായി വിചാരണകൾ നടക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇത് വൈകുന്നു.
ബിഹാറാണ് ഏറ്റവും കൂടുതൽ കേസുകൾ വിചാരണ നടത്താതെ മാറ്റി വെച്ചിരിക്കുന്ന സംസ്‌ഥാനം. 1.31 കോടി ക്രിമിനൽ കേസുകൾ രാജ്യത്തെ വിവിധ കോടതികളിലായി കെട്ടി കിടക്കുന്നതായാണ് കണ്ടെത്തിയത്. മൂന്നു വർഷത്തിനിടെ വിചാരണ പൂർത്തിയാകാത്ത കേസുകളുടെ എണ്ണം 31 ലക്ഷത്തോളം കൂടിയിട്ടുണ്ട്. 2017ൽ 99.7 ലക്ഷം കേസാണ് കോടതികളിൽ ഉണ്ടായിരുന്നത്. തീർപ്പാകാതെ കിടക്കുന്ന കേസുകൾ ഈ കാലയളവിൽ 86.5 ശതമാനത്തിൽനിന്ന് 93.8 ശതമാനമായി ഉയർന്നിട്ടുണ്ട്.
മൂന്നു വർഷത്തിനിടെ ആകെ വിചാരണ പൂർത്തിയായത് എട്ട് ലക്ഷം കേസുകളിൽ മാത്രമാണ്. 2020ൽ 29.11 ലക്ഷം കേസ് കോടതിയിലെത്തി. നീതി ഉറപ്പാക്കുന്നതിൽ കേരളമാണ് രാജ്യത്ത് ഒന്നാമതുള്ളത്. ക്രിമിനൽ കേസുകളിൽ കൂടുതൽ പേർ ശിക്ഷിക്കപ്പെടുന്നതും കേരളത്തിലാണ്. കേരളത്തിന്റെ ശിക്ഷാ നിരക്ക് 74.8 ശതമാനമാണ്. രാജ്യത്തെ മൊത്തം ശിക്ഷാ നിരക്ക് 59.2 ശതമാനമാണ്.
ആന്ധ്രയിൽ ശിക്ഷാ നിരക്ക് 69.7ഉം തമിഴ്‌നാട്ടിൽ 66 ശതമാനവുമാണ്. അതേസമയം, ബംഗാളിൽ പ്രതി ചേർക്കുന്നവരിൽ 86.6 ശതമാനം പേർക്കും ശിക്ഷ ലഭിക്കുന്നില്ല. ശിക്ഷാ നിരക്ക് കേവലം 13.4 ശതമാനം മാത്രമാണ്. ബിഹാറിൽ ഇത് 30.5 ശതമാനമാണ്. ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ താരതമേന്യ വിചാരണ വേഗത്തിലാണെന്നും എൻസിആർബി റിപ്പോർട്ടിൽ പറയുന്നു.
Read Also: നിയന്ത്രണ രേഖയില്‍ നുഴഞ്ഞകയറ്റ ശ്രമം തുടരുന്നു; നിരീക്ഷണം ശക്‌തം