ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ മുന്നണി വിടുമെന്ന മുന്നറിയിപ്പുമായി രാഷ്‌ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആർഎൽപി). കർഷകരുമായി എത്രയും വേഗം ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആർഎൽപി അധ്യക്ഷനും രാജസ്‌ഥാനിൽ നിന്നുള്ള എംപിയുമായ ഹനുമാൻ ബെനിവാൾ ആവശ്യപ്പെട്ടു.
കർഷക സമരത്തിന്റെ പശ്‌ചാത്തലത്തിൽ രണ്ടാം ഘട്ട മന്ത്രിതല ചർച്ച വ്യാഴാഴ്‌ച ചേരുന്നുണ്ട്. അതിന് മുൻപ് തന്നെ കർഷകരുമായി ചർച്ച നടത്തണം. രാജ്യം മുഴുവൻ കർഷക സമരത്തിന് പിന്തുണ നൽകുന്ന സാഹചര്യത്തിൽ പുതിയ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്നും ബെനിവാൾ അമിത് ഷായോട് ആവശ്യപ്പെട്ടു.
“എന്‍ഡിഎയിലെ ഘടകകക്ഷിയാണ് ആര്‍എല്‍പി. എന്നാല്‍ അധികാരം നല്‍കുന്നത് രാജ്യത്തെ കര്‍ഷകരും ജവാൻമാരുമാണ്. കര്‍ഷകരുടെ പ്രശ്‌നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്‍ഡിഎയുടെ ഘടക കക്ഷിയായി തുടരുന്ന കാര്യത്തില്‍ പുനരാലോചന നടത്തേണ്ടിവരും. കര്‍ഷകരുടെ താൽപര്യം മുന്‍നിര്‍ത്തിയാവും അക്കാര്യത്തില്‍ തീരുമാനമെടുക്കുക,”- ബെനിവാൾ മുന്നറിയിപ്പ് നല്‍കി.
പുതിയ കാര്‍ഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ബിജെപിയുടെ ദീര്‍ഘകാലമായുള്ള സഖ്യകക്ഷി ശിരോമണി അകാലി ദള്‍ സെപ്റ്റംബറില്‍ എന്‍ഡിഎ വിട്ടിരുന്നു. ഇതിന് ശേഷമാണ് സമാന നിലപാടുമായി ആർഎൽപി രംഗത്തെത്തുന്നത്.
Also Read: കര്‍ഷകരെ പിന്തുണച്ച് ശബ്‌ദമുയര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ഗാന്ധി