അടിസ്‌ഥാന സൗകര്യങ്ങളുടെ കുറവ്; രാത്രി പോസ്‌റ്റുമോർട്ടം കേരളത്തിൽ ഉടനില്ല

By News Desk, Malabar News
Night postmortem kerala
Representational Image

തിരുവനന്തപുരം: രാത്രിയിൽ പോസ്‌റ്റുമോർട്ടം നടത്താമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് കേരളത്തിൽ ഉടൻ നടപ്പാകില്ല. ആശുപത്രികളിലെ അടിസ്‌ഥാന സൗകര്യങ്ങളുടെ കുറവും ഫോറൻസിക് ഡോക്‌ടർമാർ അടക്കമുള്ള ജീവനക്കാരുടെ കുറവുമാണ് ഇതിന് കാരണം. ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ രാത്രികാല പോസ്‌റ്റുമോർട്ടം നടത്താനാണ് ആരോഗ്യവകുപ്പിന്റെ ആലോചന.

2013 ഫെബ്രുവരി 23ന് കേരളം രാത്രികാല പോസ്‌റ്റുമോർട്ടം അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. അവയവദാന പ്രക്രിയ അടക്കം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. മസ്‌തിഷ്‌ക മരണം സംഭവിച്ചുവെന്ന് വിദഗ്‌ധ കമ്മിറ്റി കണ്ടെത്തുന്നവരിൽ അവയവദാനം രാത്രിയാണെങ്കിലും പോസ്‌റ്റുമോർട്ടം നടത്താം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ പരീക്ഷണാടിസ്‌ഥാനത്തിൽ നടപ്പാക്കാനായിരുന്നു ഉത്തരവ്. ഇതിന് മുൻപ് പകൽ വെളിച്ചത്തിന് സമാനമായ ലൈറ്റും സംവിധാനങ്ങളും ഒരുക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

എന്നാൽ, ഈ ഉത്തരവ് നടപ്പായില്ലെന്ന് മാത്രമല്ല ജീവനക്കാരുടെ കുറവും അടിസ്‌ഥാന സൗകര്യമില്ലായ്‌മയും ചൂണ്ടിക്കാട്ടി ഉത്തരവ് കോടതി കയറി. മെഡിക്കോ ലീഗൽ സൊസൈറ്റി നൽകിയ ഹരജിയിൽ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്‌തു. നിലവിൽ കേന്ദ്ര ഉത്തരവ് കേരളത്തിൽ നടപ്പാക്കണമെങ്കിൽ അത്യാധുനിക തരത്തിൽ മോർച്ചറികൾ മാറ്റേണ്ടി വരും. ആരോഗ്യവകുപ്പിലടക്കം ഫോറൻസിക് സർജൻമാരെ കൂടുതലായി നിയമിക്കേണ്ടി വരും. ഒപ്പം മറ്റ് ജീവനക്കാരുടെ കുറവും നികത്തേണ്ടതുണ്ട്. ഇത് എളുപ്പത്തിൽ നടപ്പാകില്ലെന്ന് ഡോക്‌ടർമാർ തന്നെ പറയുന്നു.

മതിയായ അടിസ്‌ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയില്‍ പോസ്‌റ്റുമോർട്ടം അനുവദിക്കുന്നതിനായി ഇത് സംബന്ധിച്ച വ്യവസ്‌ഥകളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് വിജ്‌ഞാപനം ഇറക്കിയത്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്തും അവയവ മാറ്റത്തെ പ്രോൽസാഹിപ്പിക്കുന്നതിനുമാണ് നടപടി എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

സംശയാസ്‌പദ സാഹചര്യത്തിലും കൊലപാതകം, ആത്‌മഹത്യ, ബലാൽസംഗം എന്നീ കേസുകളിലും മൃതശരീരങ്ങള്‍ ജീര്‍ണിച്ച അവസ്‌ഥയിലും ക്രമസമാധാന പ്രശ്‌നങ്ങൾ ഇല്ലെങ്കില്‍ സൂര്യാസ്‌തമയത്തിന് ശേഷം പോസ്‌റ്റുമോർട്ടം നടത്തരുതെന്നും പുതുക്കിയ വ്യവസ്‌ഥയിലുണ്ട്. ആശുപത്രിയുടെ ഫിറ്റ്‌നസും അടിസ്‌ഥാന സൗകര്യങ്ങളും ആശുപത്രിയുടെ ചുമതലയുള്ളയാള്‍ വിലയിരുത്തി തെളിവുകള്‍ നഷ്‌ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഭാവിയില്‍ സംശയങ്ങള്‍ ഒഴിവാക്കാന്‍ രാത്രിയില്‍ നടക്കുന്ന പോസ്‌റ്റുമോർട്ടത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും നിയമപരമായ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണമെന്നും മന്ത്രാലയങ്ങള്‍ക്കും സംസ്‌ഥാനങ്ങള്‍ക്കും അയച്ച പുതിയ മാര്‍ഗനിർദ്ദേശങ്ങളില്‍ പറയുന്നു.

Also Read: മിസ് കേരള ജേതാക്കളുടെ മരണം; സിസിടിവി ദൃശ്യങ്ങളില്‍ ദുരൂഹതയില്ലെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE