ലഖ്‌നൗ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന അഭ്യൂഹം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് നേരത്തെ നിശ്‌ചയിച്ച സമയത്ത് തന്നെ നടക്കണം എന്നാണ് എല്ലാ രാഷ്‌ട്രീയ പാർട്ടികളും ആഗ്രഹിക്കുന്നത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
“എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ ഞങ്ങളെ കാണുകയും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഞങ്ങളോട് അഭ്യർഥിക്കുകയും ചെയ്‌തു,”- 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു.
ഒമൈക്രോണിന്റെ വരവും പല സംസ്‌ഥാനങ്ങളിലെയും കോവിഡ് കേസുകളുടെ വർധനയും കാരണം അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും എന്ന റിപ്പോർട് വന്നിരുന്നു. അലഹബാദ് ഹൈക്കോടതി പോലും തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്ന കാര്യം പരിഗണിക്കാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ രാഷ്‌ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് വേളയിൽ വോട്ടർമാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറെടുക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Most Read: യുഎസിൽ ജനുവരി അവസാനത്തോടെ ഒമൈക്രോൺ ബാധ ഉയരും; ഡോ. ആന്റണി ഫൗചി