ക്രെഡിറ്റിന് തിരക്ക് കൂട്ടുന്നതിൽ അൽഭുതമില്ല, കുതിരാൻ മനസിൽ ആദ്യം കുറിച്ചിട്ട പദ്ധതി; രമ്യാ ഹരിദാസ്

By Desk Reporter, Malabar News
Ramya-Haridas about Kuthiran Tunnel
Ajwa Travels

പാലക്കാട്: മനസിൽ ആദ്യം കുറിച്ചിട്ട പദ്ധതിയാണ് കുതിരാൻ തുരങ്കപാതയെന്ന് ആലത്തൂർ എംപി രമ്യാ ഹരിദാസ്. കുതിരാൻ തുരങ്കം ഭാഗികമായി തുറന്നു കൊടുത്തതിന് പിന്നാലെയാണ് രമ്യാ ഹരിദാസിന്റെ പ്രതികരണം. കുതിരാൻ തുരങ്കം ഉൾപ്പെടുന്ന തൃശൂരിലെ എംപി ടിഎൻ പ്രതാപനോടൊപ്പം നിരവധി തവണ കേന്ദ്രസർക്കാരിൽ ഇതുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നു. സംസ്‌ഥാന സർക്കാരിൽ നിന്ന് ലഭിക്കേണ്ട പരിസ്‌ഥിതി വകുപ്പിന്റെ കത്തിടപാടുകൾ ലഭിക്കാൻ ഉണ്ടായ കാലതാമസം ആയിരുന്നു തുരങ്ക നിർമാണം ഇത്രയധികം നീണ്ടുപോകാനുള്ള ഒരു കാരണമെന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു. നിർമാണം പൂർത്തിയാകുമ്പോൾ പലരും ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടുന്നതിൽ അൽഭുതപ്പെടേണ്ടതില്ല എന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

ആലത്തൂർ എത്തിയ മുതൽ കേൾക്കുന്ന പേരാണ് കുതിരാൻ.
ആദ്യം മനസിൽ കുറിച്ചിട്ട പദ്ധതിയും കുതിരാൻ തുരങ്ക നിർമാണ പൂർത്തീകരണം.
കുതിരാൻ തുരങ്കം ഉൾപ്പെടുന്ന തൃശൂരിലെ പ്രിയപ്പെട്ട എംപി ടിഎൻ പ്രതാപനോടൊപ്പം നിരവധി തവണയാണ് കേന്ദ്രസർക്കാരിൽ ഇതുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയിട്ടുള്ളത്.

രണ്ടുവർഷം മുമ്പ് അനുവദിച്ച തുക അപര്യാപ്‌തമാണെന്ന് ചൂണ്ടിക്കാട്ടി തുരങ്ക നിർമാണം കരാറെടുത്ത കമ്പനി നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌കരി അദ്ദേഹത്തിന്റെ ചേമ്പറിൽ പോയി കാണുകയും ചർച്ച നടത്തുകയും ചെയ്‌തിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ കൂടുതൽ തുക അനുവദിച്ചതോടു കൂടിയാണ് നിർമാണം പുനരാരംഭിച്ചതും വേഗം വെച്ചതും.

സബ്‌മിഷനിലൂടെയും ചോദ്യങ്ങളിലൂടെയും നിരവധി തവണ കേന്ദ്ര സർക്കാരിന്റെ മുന്നിൽ തുരങ്ക നിർമാണം സജീവമാക്കി നിർത്താൻ സാധിച്ചു. കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരും കക്ഷി രാഷ്‌ട്രീയത്തിനപ്പുറം ആത്‌മാർഥമായി ഇതിന്റെ പിന്നിൽ സഹകരിച്ചിട്ടുണ്ട്.

പൂർണമായും കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുതിരാൻ തുരങ്കത്തിന്റെ ആദ്യഘട്ടം വാഹനത്തിന് തുറന്നു കൊടുക്കുമ്പോൾ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിധിൻ ഗഡ്‌കരി, കേന്ദ്ര സഹമന്ത്രി ശ്രീ വി മുരളീധരൻ എന്നിവർ വിവിധ ഘട്ടങ്ങളിൽ സഹകരിച്ചത് നന്ദിയോടെ സ്‌മരിക്കുന്നു.

സംസ്‌ഥാന സർക്കാരിൽ നിന്നും ലഭിക്കേണ്ട പരിസ്‌ഥിതി വകുപ്പിന്റെ കത്തിടപാടുകൾ ലഭിക്കാൻ ഉണ്ടായ കാലതാമസം ആയിരുന്നു തുരങ്ക നിർമാണം ഇത്രയധികം നീണ്ടുപോകാൻ ഒരു കാരണം. നിർമാണം പൂർത്തിയാകുമ്പോൾ പലരും ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടുന്നതിൽ അൽഭുതപ്പെടേണ്ടതില്ല.

ആറുമാസംകൊണ്ട് കണ്ണൂർ വിമാനത്താവളം മുതൽ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉൽഘാടനം നടത്തിയവർ രണ്ടു മാസംകൊണ്ട് തുരങ്ക നിർമാണം നടത്തി ഉൽഘാടനം ചെയ്യുന്നതിൽ അതിശയോക്‌തിയില്ല. അതുകൊണ്ടുതന്നെ യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂർത്തീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതും മുന്നിട്ടിറങ്ങിയതും.

തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു കുതിരാൻ. ആദ്യഘട്ടമാണ് തുറന്നതെങ്കിലും നിർമാണം പൂർത്തീകരിക്കാൻ ആയതിൽ സന്തോഷം.. അഭിമാനം.. രാഷ്‌ട്രീയത്തിനപ്പുറം സംസ്‌ഥാനത്തിന്റെ വികസനത്തിന് ഒന്നിച്ചുനിന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ..

Most Read:  വേഗറാണിയായി എലെയ്ന്‍ തോംസണ്‍; റെക്കോര്‍ഡ് പ്രകടനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE