തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്‌ഞയിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതി കേസ് തീർപ്പാക്കാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണർ സ്‌റ്റാൻഡിങ് കൗൺസിലിനോട് ആരാഞ്ഞത്. നേരത്തെ ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്‌ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാൻ ജനുവരി നാലിനാണ് വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌ത് മന്ത്രിയായി സ്‌ഥാനം ഏൽക്കുന്നത്.
സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുന്നതിന് കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്. മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെയെടുക്കാൻ സെക്രട്ടറിയേറ്റിൽ തീരുമാനം എടുത്തെന്ന് സ്‌ഥിരീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.
ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് സജി ചെറിയാൻ പ്രതികരിച്ചു. ഭരണഘടനയെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം ഇന്നും ആവർത്തിച്ചു. മന്ത്രി സ്‌ഥാനത്തേക്ക് തിരികെ വരുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിവാദം ഉണ്ടായപ്പോൾ ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിവെച്ചത്. അതിന് ശേഷം അഞ്ചു മാസത്തോളം അന്വേഷണം നടന്നു. ഇനിയെല്ലാം പാർട്ടി തീരുമാനിക്കുമെന്നും സജി ചെറിയാൻ പ്രതികരിച്ചു.
ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പ്രസംഗത്തിനിടെ സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയത് വൻ വിവാദമായിരുന്നു. തുടർന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ആയിരുന്ന സജി ചെറിയാന് കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്‌ഥാനം രാജിവെക്കേണ്ടി വന്നത്.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചു വരവിന് കളമൊരുങ്ങിയത്. ചീഫ് ജസ്‌റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു വിധി. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്‌ഥ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
Most Read: ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവ്