തിരുവനന്തപുരം: ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല. മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം ഇത്തവണ കിറ്റ് നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. മഞ്ഞ റേഷൻ കാർഡുള്ള 5.84 ലക്ഷം ഉപഭോക്‌താക്കൾക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും കിറ്റ് നൽകും. കിറ്റ് വിതരണം ചെയ്യാനായി 32 കോടി രൂപ മുൻകൂറായി സപ്ളൈകോയ്‌ക്ക് അനുവദിക്കും.
6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. ക്ഷേമ സ്‌ഥാപനങ്ങളിലെ താമസക്കാർക്ക് 20,000 കിറ്റുകളാണ് നൽകുക. റേഷൻ കടകൾ മുഖേനയാണ് കിറ്റുകൾ വിതരണം ചെയ്യുക. തേയില, ചെറുപയർ, സേമിയ പായസം മിക്‌സ്, നെയ്, കശുവണ്ടി, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.
മുൻ വർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. ഇത്തവണ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് വിതരണം മഞ്ഞ കാർഡുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. കഴിഞ്ഞ വർഷം 83 ലക്ഷത്തിലധികം പേർക്ക് കിറ്റ് ലഭിച്ചിരുന്നു. 14 ഇനങ്ങളായിരുന്നു കഴിഞ്ഞ വർഷം കിറ്റിൽ ഉണ്ടായിരുന്നത്.
Most Read| കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്