ഡെൽഹി: പെഗാസസ് ഫോണ്‍ നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ ഇന്ന് സുപ്രീം കോടതി വിധി പറഞ്ഞേക്കും. ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീം കോടതി മേൽനോട്ടത്തിൽ ഒരു വിദഗ്‌ധ സമിതിക്ക് രൂപം നൽകിയേക്കുമെന്നാണ് സൂചന.
അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകരും സന്നദ്ധ പ്രവർത്തകരും നൽകിയ ഹരജികളിലാണ് വിധി. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്‌താവിക്കുക. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകരും രാഷ്‌ട്രീയ പ്രവർത്തകരും ഉൾപ്പടെയുള്ളവരെ കേന്ദ്രസർക്കാർ നിരീക്ഷിച്ചെന്ന അന്വേഷണാത്‌മക റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയാണ് ഹരജികൾ സുപ്രീം കോടതിക്ക് മുൻപാകെ എത്തിയത്.
അന്വേഷണത്തിനായി ഒരു വിദഗ്‌ധ സമിതിക്ക് രൂപം നൽകുമെന്ന് കഴിഞ്ഞ മാസം ചീഫ് ജസ്‌റ്റിസ് എൻവി രമണ സൂചന നൽകിയിരുന്നു. വിദഗ്‌ധ സമിതി അംഗങ്ങളെ തീരുമാനിച്ച ശേഷം കേസിൽ വിധി പറയാമെന്നാണ് അന്ന് ചീഫ് ജസ്‌റ്റിസ് അറിയിച്ചത്. സുപ്രീം കോടതി മേൽനോട്ടത്തിലുള്ള അന്വേഷണ സംവിധാനത്തിന് തന്നെയാണ് സാധ്യത.
Also Read: കോവാക്‌സിന് അംഗീകാരം; ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്