തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നിരത്തിലിറങ്ങുന്ന സ്വകാര്യ ബസുകളുടെ എണ്ണത്തിലും വൻ കുറവ്. കോവിഡിന് മുൻപുള്ള കാലത്തെ അപേക്ഷിച്ച് രജിസ്‌റ്റർ ചെയ്യുന്ന ബസുകളുടെ എണ്ണം നാലിൽ ഒന്നായി കുറഞ്ഞു. 2020 മുതൽ ഇതുവരെയുള്ള കോവിഡ് കാലത്ത് ആകെ 977 ബസുകൾ മാത്രമാണ് സംസ്‌ഥാനത്ത് പുതുതായി രജിസ്‌റ്റർ ചെയ്‌തത്.
ശരാശരി 2000 ബസുകൾ വർഷത്തിൽ രജിസ്‌റ്റർ ചെയ്യുന്നിടത്താണിത്. 68 ബസുകൾ മാത്രമാണ് ഈ വർഷം രജിസ്‌റ്റർ ചെയ്‌തത്. കോവിഡിനെ തുടർന്നുണ്ടായ ലോക്ക്‌ഡൗൺ സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ ആഘാതമാണ് പുതിയ ബസുകൾ നിരത്തിലിറങ്ങാത്തതിന് കാരണം.
മോട്ടോർ വാഹന വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനമായ പരിവാഹനിലെ കണക്കുപ്രകാരം 2020ൽ കോവിഡ് ഒന്നാം തരംഗ കാലത്ത് 909 ബസുകളെങ്കിലും രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാൽ, രണ്ടാം തരംഗം പിടിമുറുക്കിയ 2021ലാണ് രജിസ്ട്രേഷൻ കുത്തനെ കുറഞ്ഞ് 68 എണ്ണം മാത്രമായത്.
2018- 19 വർഷങ്ങളിൽ 5106 ബസുകളാണ് നിരത്തിലിറങ്ങിയത്. 2018ൽ 2623 ബസുകളും 2019ൽ 2483 ബസുകളും നിരത്തിലിറങ്ങി. 2017ൽ 3158 ബസുകളും പുതുതായി രജിസ്‌റ്റർ ചെയ്‌തതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ഈ സ്‌ഥാനത്താണ് കോവിഡ് കാലത്ത് 1000 ബസുകൾ പോലും പുറത്തിറങ്ങാതിരുന്നത്.
Also Read: കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; മുഖ്യ പ്രതി റഫീഖ് പിടിയിൽ