പ്രതികാരബുദ്ധി വളർത്തിയല്ല പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടത്; കാന്തപുരം

പ്രശ്‌ന കലുഷിതമായ സാമൂഹിക അന്തരീക്ഷത്തെ വൈകാരികത കൊണ്ടോ ആയുധം കൊണ്ടോ നേരിടുകയല്ല പോംവഴിയെന്നും വിശ്വാസത്തിലെ വിവേകംകൊണ്ടും ഭരണഘടനയുടെ കരുത്തു കൊണ്ടുമാണ് ചെറുക്കേണ്ടതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ.

By Central Desk, Malabar News
Kanthapuram usthad on hijab controversy
Ajwa Travels

ഗുജറാത്ത്: ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്‌ടിക്കുന്നവരെയും വിവാദങ്ങൾ സൃഷ്‌ടിച്ച്‌ പ്രതികാരബുദ്ധി വളർത്തി ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരെയും സമാധാനത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കരുത്തിൽ വിവേകപൂർവം ചെറുക്കാൻ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്‌തുകൊണ്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ.

പ്രഥമ എസ്‌എസ്‌എഫ് ‘ദേശീയ സാഹിത്യോൽസവ്’ സമാപന സമ്മേളനം ഗുജറാത്തിലെ രാജ്‌കോട്ടിൽ ഉൽഘാടനം നിർവഹിച്ചു സംസാരിക്കവേയാണ് രാജ്യത്തിനും സമാധാന ജീവിതത്തിനും പ്രാമുഖ്യം നൽകികൊണ്ടുള്ള ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള വാക്കുകൾ.

രാജ്യത്തെ അസ്‌ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ ഭരണഘടന കൊണ്ട് ചെറുക്കുകയാണ് വേണ്ടതെന്നും അതാണ് ശരിയായ പൗരബോധമെന്നും പ്രസംഗത്തിൽ ഇദ്ദേഹം വ്യക്‌തമാക്കി. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റേയും പേരിൽ ജനങ്ങളെ വിഭജിക്കാനുള്ള ഏത് ശ്രമങ്ങളെയും ചെറുക്കാനുള്ള കരുത്ത് ഇന്ത്യയുടെ ഭരണഘടനയ്‌ക്ക് ഉണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

വിവിധ മതങ്ങൾ ഒരുമയോടെ നിലകൊള്ളുന്നതാണ് ഇന്ത്യയുടെ സൗന്ദര്യം. ഓരോ മത സമൂഹങ്ങൾക്കുമിടയിൽ കാലങ്ങളായി നിലനിൽക്കുന്ന വൈവിധ്യം അങ്ങനെത്തന്നെ തുടരാൻ അനുവദിക്കുകയാണ് വേണ്ടത്. നിസാരമായ തർക്കങ്ങളുയർത്തി ജനങ്ങളെ വർഗീയമായി വിഭജിക്കുന്നത് രാജ്യത്തോടും നിലനിൽക്കുന്ന സമാധാനത്തോടും ചെയ്യുന്ന പാതകമാണ്.

മുസ്‌ലിം സ്‌ത്രീകൾ ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്‌ടിക്കുന്നവർ ഇന്ത്യയുടെ വൈവിധ്യം തകർക്കുകയാണ്. ആയുധത്തെ ആയുധം കൊണ്ട് നേരിടുകയല്ല പോംവഴി. പ്രശ്‌ന കലുഷിതമായ അന്തരീക്ഷത്തെ വിശ്വാസദൃഢത കൊണ്ട് മറികടക്കാൻ സാധിക്കുമെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്; കാന്തപുരം തുടർന്നു.

2002ൽ ഗുജറാത്തിൽ നടന്ന കലാപത്തിൽ എല്ലാം നഷ്‌ടമായ മനുഷ്യരെ ചേർത്തുപിടിക്കാനും അവർക്ക് ജീവിതം വീണ്ടെടുക്കാനുള്ള ആത്‌മവിശ്വാസം പകരാനുമാണ് സുന്നി പ്രസ്‌ഥാനം ശ്രമിച്ചത്. കലാപത്തിലെ ഇരകൾക്ക് സാമൂഹികമായും വിദ്യഭ്യാസപരമായും മുന്നേറാനും ആത്‌മീയമായ കരുത്തു നൽകാനും സാധിച്ചു. പ്രതികാരബുദ്ധി വളർത്തിയല്ല ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യേണ്ടത്.

വൈകാരികമായ പ്രതികരണങ്ങൾ പ്രശ്‌നം സങ്കീർണമാക്കുകയേ ഉള്ളൂ. അതുകൊണ്ടുതന്നെ വിവേകപൂർവം ഭരണഘടനയ്‌ക്ക് അകത്തുനിന്നു കൊണ്ട് പ്രവർത്തിക്കാനും പ്രതികരിക്കാനും ജനങ്ങളെ പാകപ്പെടുത്തുകയാണ് മതനേതൃത്വങ്ങൾ ചെയ്യേണ്ടത്. ഗുജറാത്തിലും ഡൽഹിയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വർഗീയകലാപങ്ങൾ ഉണ്ടായപ്പോൾ സുന്നി-സൂഫി സംഘടനകൾ ഈ നിലപാടാണ് ഉയർത്തിപ്പിടിച്ചത്. സംഘർഷമല്ല, സമാധാനമാണ് പാരമ്പര്യ ഇസ്‌ലാമിന്റെ വഴിയെന്നും ഇദ്ദേഹം വ്യക്‌തമാക്കി.

Most Read: എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE