തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കണമോ എന്ന കാര്യം ഇന്നു ചേരുന്ന പബ്ളിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെക്കണമെന്ന് വിവിധ തലങ്ങളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
നിലവിലെ പ്രതിസന്ധി കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങിക്കൊണ്ട് പരിഹരിക്കാമെന്ന നിലപാടും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. എന്നാൽ തൽക്കാലം അഭിമുഖ പരീക്ഷകൾ മാറ്റേണ്ടതില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. വകുപ്പുതല ഓൺലൈൻ പരീക്ഷകൾ തുടരും.
അതേസമയം സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുകയാണ്. ഇന്നലെ പ്രതിദിന കോവിഡ് കേസുകൾ പതിനെട്ടായിരം കടന്നു. 30.55 ശതമാനമാണ് ഇന്നലത്തെ ടിപിആർ.
ദിവസങ്ങളുടെ ഇടവേളയിലാണ് സംസ്‌ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആർ 36ന് മുകളിലാണ്. ആൾക്കൂട്ട നിയന്ത്രണം കർശനമാക്കുന്നതിനായി കൂടുതൽ സെക്‌ട്രൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം