‘പോക്‌സോ കേസിൽ ശിക്ഷാ നടപടി കൂട്ടണം’; റിപ്പോർട് ഹൈക്കോടതിക്ക് കൈമാറി മനുഷ്യാവകാശ കമ്മീഷൻ

സംസ്‌ഥാനത്തെ പോക്‌സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്നുവെന്ന് ക്രമസമാധാന വിഭാഗം എഡിജിപി, മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് വ്യക്‌തമാക്കുന്നത്‌. റിപ്പോർട് തുടർ നടപടികൾക്കായി കേരള ഹൈക്കോടതി രജിസ്‌ട്രാർക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും അയച്ചു.

By Trainee Reporter, Malabar News
pocso case in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പോക്‌സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്നുവെന്ന് റിപ്പോർട്. ക്രമസമാധാന വിഭാഗം എഡിജിപി, മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. എഡിജിപി സമർപ്പിച്ച റിപ്പോർട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ, കേരള ഹൈക്കോടതി രജിസ്‌ട്രാർക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും അയച്ചു.

പോക്‌സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തിൽ സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥിന്റെ നടപടി. വിചാരണ വേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നത് ശിക്ഷ കുറയാനുള്ള പ്രധാന കാരണമായി എഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, അതിജീവിതയും ബന്ധുക്കളും കോടതിക്ക് പുറത്ത് പ്രതിയിൽ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീർപ്പാക്കുന്നു. കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാകുന്നു. പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്‌ച സംഭവിക്കുന്നു. മേലുദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നും അന്വേഷണ വേളയിലും വിചാരണ വേളയിലും മേൽനോട്ടത്തിൽ വീഴ്‌ച സംഭവിക്കുന്നു തുടങ്ങിയവയും ശിക്ഷ കുറയാനുള്ള പ്രധാന കാരണമായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ശിക്ഷാ നിരക്ക് വർധിപ്പിക്കാൻ ചില നിർദ്ദേശങ്ങളും എഡിജിപി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും 164 സിആർപിസി മൊഴി രേഖപ്പെടുത്തണം. കുറ്റകൃത്യം തെളിയിക്കാൻ വാക്കാലുള്ള തെളിവുകളേക്കാൾ സാഹചര്യ/ ശാസ്‌ത്രീയ തെളിവുകൾ കണ്ടെത്തി കുറ്റകൃത്യം നടന്നുവെന്ന് സ്‌ഥാപിക്കണം. കെമിക്കൽ എക്‌സാമിനേഷൻ റിസൾട്ട്, സീൻപ്ളാൻ, ജനനസർട്ടിഫിക്കറ്റ്, വൈദ്യപരിശോധന സർട്ടിഫിക്കറ്റ് എന്നിവ കാലതാമസം ഒഴിവാക്കി ശേഖരിച്ചു കുറ്റപത്രത്തിനൊപ്പം സമർപ്പിക്കണം.

കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്‌ഥനുമായി തെളിവുകളെ കുറിച്ച് ചർച്ച നടത്തി തെളിവുകളുടെ പ്രസക്‌തിയെ കുറിച്ച് നിയമോപദേശം തേടണം. പ്രതിമാസ ക്രൈം കോൺഫറൻസിൽ ജില്ലാ പോലീസ് മേധാവിമാർ പോക്‌സോ കേസുകളുടെ അന്വേഷണ പുരോഗതി പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്‌ഥർ ശേഖരിച്ച തെളിവുകൾ പോക്‌സോ കേസുകളുടെ ജില്ലാ നോഡൽ ഓഫീസർ സൂക്ഷ്‌മ പരിശോധന നടത്തണം.

പോക്‌സോ കോടതിയിൽ വിചാരണ നടപടികളിൽ സഹായിക്കാൻ കാര്യക്ഷമതയും പോക്‌സോ നിയമത്തിൽ അറിവുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ സ്‌ഥിരം സഹായിയായി നിയോഗിക്കണം. അതിജീവിത കേസിൽ ഹോംസ്‌റ്റേയിൽ ആയാൽ നേരത്തെ നൽകിയ വിക്‌ടിം കോമ്പൻസേഷൻ തിരിച്ചു പിടിക്കണം. അതിജീവിതയുടെ ബന്ധുക്കൾ പ്രതിയാകുന്ന കേസിൽ ഇരയെ സുരക്ഷിതമായി പാർപ്പിക്കണം. അതിജീവിതയെ വിക്‌ടിം ലെയ്‌സൻ ഓഫീസർ സ്‌ഥിരമായി സന്ദർശിക്കണം. അതിജീവിതയെ പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കുന്നതും ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE