മലപ്പുറം: ഖത്തർ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) മലപ്പുറം ചാപ്റ്ററിന് കീഴിൽ നിർധനരായ കുടുംബങ്ങൾക്ക് നൽകിവരുന്ന പെരുന്നാൾ കൈനീട്ട വിതരണം നാളെ രാവിലെ 10 മണിക്ക് എടരിക്കോട് യൂത്ത് സ്ക്വയറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒരു പതിറ്റാണ്ട് കാലമായി ഐസിഎഫ് നടത്തിവരുന്ന പദ്ധതിയാണ് പെരുന്നാൾ കൈനീട്ടം. കൊറോണ മഹാമാരി സൃഷ്ടിച്ച ആഘാതം തങ്ങളുടെ വരുമാനങ്ങളിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും ആഘോഷവേളകളിൽ അശരണരുടെ കൂടെനിന്ന് വിശിഷ്ട നാളുകൾ ധന്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്; ഐസിഎഫ് ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷക്കാലമായി ജില്ലാ ഹോസ്പിറ്റലിൽ സൗജന്യ സേവനം അനുഷ്ഠിച്ചു വരുന്ന മലപ്പുറം വെസ്റ്റ് ജില്ലയിൽ നിന്നുള്ള സാന്ത്വനം വളണ്ടിയർമാരിൽ നിന്നും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന ഇരുനൂറോളം വളണ്ടിയർമാർക്കാണ് ഈ വർഷം പെരുന്നാൾ കൈനീട്ടം വിതരണം ചെയ്യുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന ചടങ്ങില്‍ ജില്ലാ ഭാരവാഹികളായ എന്‍വി അബ്ദുറസാഖ് സഖാഫി, എഎ റഹീം കരുവാത്തുകുന്ന്, സയ്യിദ് സീതി കോയതങ്ങൾ, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂര്‍, അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, ഖത്തർ ഐസിഎഫ് പ്രതിനധികളായ റസാഖ് സഖാഫി എടയൂര്‍, ബീരാന് ഹാജി കാരത്തൂർ, ഷാഫി ചിറക്കൽ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Most Read: വീടിനുള്ളിൽ പോലും മാസ്ക് ധരിക്കേണ്ട അവസ്ഥ; മുന്നറിയിപ്പുമായി കേന്ദ്രം