ഡെൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വില കുത്തനെ കൂടുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടാഴ്‌ചക്കിടെ മാത്രം 12ആമത്തെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ രാഹുൽ വില വർധനവിൽ ‘പ്രധാനമന്ത്രി ജൻധൻ ലൂട്ട് യോജന’ എന്ന് പരിഹസിച്ചു.
ട്വിറ്ററിലൂടെയാണ് രാഹുലിന്റെ രൂക്ഷ വിമർശനം. ബൈക്ക്, കാർ, ട്രാക്‌ടർ, ട്രക്ക് എന്നിവയുടെ ഫുൾ ടാങ്ക് ഇന്ധനത്തിന്റെ നിലവിലെ വില 2014ലെ വിലയുമായി താരതമ്യം ചെയ്യുന്ന ഒരു ഗ്രാഫിക് ചിത്രവും രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചു.
Pradhan Mantri Jan Dhan LOOT Yojana pic.twitter.com/OQPiV4wXTq
— Rahul Gandhi (@RahulGandhi) April 4, 2022
സംസ്‌ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്‌ഞാപനം അനുസരിച്ച് ഡെൽഹിയിൽ പെട്രോളിന് മുമ്പുണ്ടായിരുന്ന 103.41 രൂപയിൽ നിന്ന് 103.81 രൂപയായി വില വർധിച്ചു. അതേസമയം ഡീസൽ നിരക്ക് ലിറ്ററിന് 94.67 രൂപയിൽ നിന്ന് 95.07 രൂപയായി ഉയർന്നു. രാജ്യത്തുടനീളം നിരക്കുകൾ കൂടിയിട്ടുണ്ട്.
പ്രാദേശിക നികുതിയനുസരിച്ച് ഓരോ സംസ്‌ഥാനത്തിന്റെയും വിലയിൽ വ്യത്യാസമുണ്ട്. നിരക്ക് പരിഷ്‌കരണത്തിലെ നാലര മാസത്തെ നീണ്ട ഇടവേള മാർച്ച് 22ന് അവസാനിച്ചതിന് ശേഷം വില കുത്തനെ കൂടുകയാണ്.
ഇതിനിടെ മോദി സർക്കാരിന്റെ കീഴിലുള്ള ഓരോ പ്രഭാതവും ഉൽസാഹത്തേക്കാൾ വിലക്കയറ്റത്തിന്റെ ദുഃഖമാണ് കൊണ്ടുവരുന്നതെന്ന് കോൺഗ്രസ് മുഖ്യ വക്‌താവ് രൺദീപ് സുർജേവാല പറഞ്ഞു. ബിജെപിക്ക് വോട്ട് എന്നതിനർത്ഥം ‘പണപ്പെരുപ്പത്തിനുള്ള ജനവിധി’ എന്നാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
Most Read: കെ-റെയിൽ; അതിരടയാള കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി