രാജീവ് ചന്ദ്രശേഖർ, ഇപി ജയരാജൻ ബന്ധം: ഗുരുതര ആരോപണവുമായി വിഡി സതീശൻ

തന്റെ ആരോപണത്തിൽ പരാതിയുണ്ടെങ്കിൽ രണ്ടുപേർക്കും കോടതിയെ സമീപിക്കാമെന്നും രേഖകൾ കോടതിയിൽ ഹാജരാക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

By Central Desk, Malabar News
Rajeev Chandrasekhar, EP Jayarajan connection _ VD Satheesan
Rep. Image
Ajwa Travels

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെയും സ്‌ഥാപനങ്ങൾ തമ്മിൽ ബിസിനസ് ബന്ധമുണ്ടായത് ജയരാജന്റെ സ്‌ഥാപനത്തിൽ ഇഡിയുടേയും ഇൻകം ടാക്‌സിന്റെയും പരിശോധന കഴിഞ്ഞപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ബിസിനസ് ബന്ധം ആരംഭിച്ചശേഷം പിന്നീട് കേന്ദ്ര ഏജൻസികളുടെ പരിശോധനയുണ്ടായില്ല. ഇപി ജയരാജൻ ബുദ്ധിപൂർവമാണ് രാജീവ് ചന്ദ്രശേഖറിന്റെ സ്‌ഥാപനവുമായി കരാർ ഉണ്ടാക്കിയത്. രാജീവ് ചന്ദ്രശേഖറിന്റെ സ്‌ഥാനപനത്തിൽ റെയ്‌ഡ് നടത്താൻ ഇഡിക്ക് മുട്ടു വിറയ്‌ക്കും.

ഇപി ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള വേദേകം റിസോർട്ടും രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിട്രീറ്റ്സ് റിസോർട്ടും ഒന്നെന്നും വിഡി സതീശൻ പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പോലുമുണ്ട്. ബിസിനസ് പങ്കാളിത്തമുണ്ടെന്ന ആരോപണം ഇരുവരും നിഷേധിച്ചാല്‍ ഈ ചിത്രം പുറത്തുവിടും. ചിത്രത്തിൽ കുടുംബാഗംങ്ങൾ ഉള്ളതിനാലാണ് അത് പുറത്തുവിടാത്തതെന്നും വിഡി വ്യക്‌തമാക്കി.

പലയിടത്തും ബിജെപി രണ്ടാം സ്‌ഥാനത്തുവരുമെന്നും ബിജെപി സ്‌ഥാനാർഥികൾ മികച്ചതാണെന്നും ഇപി ജയരാജനാണ് പറഞ്ഞത്. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പോലും അങ്ങനെ പറഞ്ഞിട്ടില്ല. ബിജെപിയെ സന്തോഷിപ്പിക്കാൻ പിണറായി വിജയനാണ് ജയരാജനെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. കരുവന്നൂരിലെ ഇഡി അന്വേഷണം എവിടെപോയെന്ന് വിഡി സതീശൻ ചോദിച്ചു.

സിപിഎം നേതാക്കളെ ഇഡി വിരട്ടി നിർത്തിയിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും ഒത്തുചേർന്നാലും തൃശൂരിൽ കോൺഗ്രസ് ജയിക്കും. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. ഒരിടത്തും ബിജെപി രണ്ടാം സ്‌ഥാനത്തും വരില്ല. ബിജെപിക്ക് കേരളത്തിൽ സ്‌ഥാനം ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നത്. മാസപ്പടി, ലാവ്‌ലിൻ കേസിലെ അന്വേഷണത്തെ പിണറായിക്ക് ഭയമാണെന്നും വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള റിസോർട്ടാണ് നിരാമയ. രാജീവ് ചന്ദ്രശേഖർ സർക്കാരിലേക്ക് കൊടുത്ത രേഖകൾ ഇതിനു തെളിവാണ്. 11 വർഷം മുൻപ് റിസോർട്ട് ഉൽഘാടനം ചെയ്‌തപ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തിരുന്നു. വൈദേഹം റിസോർട്ടുമായി എൽഡിഎഫ് കൺവീനർ ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്. ജയരാജൻ പറഞ്ഞത് റിസോർട്ടിന്റെ ഉപദേശകനാണെന്നാണ്. ജയരാജന്റെ കുടുംബാംഗങ്ങൾക്ക് റിസോർട്ടിൽ ഷെയർ ഉണ്ട്. നിരാമയയും വൈദേഹം റിസോർട്ടുമായി കരാറുണ്ട്.

വൈദേഹം റിസോർട്ടിന്റെ നടത്തിപ്പ് ചുമതല നിരാമയയ്ക്കാണ്. നിരാമയ–വൈദേഹം റിസോർട്ടെന്നാണ് ഇപ്പോൾ പേര്. വൈദേഹം റിസോർട്ടിന്റെയും നിരാമയ റിസോർട്ടിന്റെയും ഉദ്യോഗസ്‌ഥരുമായി ജയരാജന്റെ കുടുംബം നിൽക്കുന്ന ചിത്രമുണ്ട്. രാജീവ് ചന്ദ്രശേഖറും ഇപി ജയരാജനും ഇക്കാര്യം നിഷേധിച്ചിട്ടില്ല. പര്സപരം കണ്ടിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്.

അവർ രണ്ടുപേരും കൂടിക്കാഴ്‌ച നടത്തിയെന്ന് ഞാൻ പറഞ്ഞിട്ടില്ല. രണ്ടുപേരുടെയും സ്‌ഥാപനങ്ങൾ തമ്മിൽ കരാർ ഉണ്ടെന്നാണ് പറഞ്ഞത്. കരാറിന്റെ ഭാഗമായാണ് ഇരു സ്‌ഥാപനങ്ങളും ബിജെപി–സിപിഎം എന്നതുപോലെ ഒന്നായത്. രണ്ടുപേർക്കും തന്റെ പ്രസ്‌താവനയോട് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. രേഖകൾ കോടതിയിൽ ഹാജരാക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

NATIONAL | ഇസ്‌ലാം വിരുദ്ധത; യുഎന്നിൽ പാക് പ്രമേയം, വിട്ടുനിന്ന് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE