ഉൽസവങ്ങൾക്ക് ആശ്വാസം: വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി

അസമയം എന്നത് രാത്രി 10 മുതൽ രാവിലെ 6 മണിവരെയാണെന്നും ഓരോ ആരാധനാലയങ്ങളുടെയും സാഹചര്യം പരിഗണിച്ച് സർക്കാരിന് വെടിക്കെട്ടിന് അനുമതി നൽകാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു. എന്നാൽ, മാറിയ കാലത്ത് രാത്രി ഡ്യുട്ടി കഴിഞ്ഞു പകലുറങ്ങുന്ന അനേകായിരങ്ങളുടെ അവകാശങ്ങൾ കോടതിയുടെ വാദമുഖങ്ങളിൽ എത്തിയില്ല.

By Desk Reporter, Malabar News
Firecrackers Ban in Kerala partially lifted
Representational image
Ajwa Travels

കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിന്റെ സംരക്ഷണം ഉള്ളതിനാൽ തൃശൂർ പൂരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് ബാധിക്കില്ലെന്നും കോടതി വിശദീകരിച്ചു. അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവിൽ വ്യക്‌തത വരുത്തിയ ഡിവിഷൻ ബെഞ്ച്, രാത്രി 10 മുതൽ രാവിലെ 6 മണിവരെയുള്ള സമയത്ത് നിരോധനം സുപ്രീം കോടതി ഏർപ്പെടുത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടി.

ഈ നിരോധനം നിലനിൽക്കുമെന്നും എന്നാൽ ഓരോ ആരാധനാലയങ്ങളുടെയും സാഹചര്യം പരിഗണിച്ച് സർക്കാരിന് വെടിക്കെട്ടിന് അനുമതി നൽകാമെന്നും ജസ്‌റ്റിസ്‌ എജെ ദേശായി, ജസ്‌റ്റിസ്‌ വിജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണു പരിഗണിച്ചത്.

എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങൾ പിടിച്ചെടുക്കാനുള്ള സിംഗിൾ ബെഞ്ച് നിർദേശവും റദ്ദാക്കിയിട്ടുണ്ട്. കൊച്ചി മരടിലെ, ‘മരട്ടിൽ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും’ പരിസരത്തുമുള്ള വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു പരിസരവാസികൾ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് ഹരജിയുടെ പരിധിക്കു പുറത്തുള്ള കാര്യങ്ങളും പരിഗണിച്ചെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

സിംഗിൾ ബെഞ്ചിൽ എതിർകക്ഷികൾ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ നിർദേശിച്ചു. മാറിയ കാലത്ത്, കൊച്ചിയുൾപ്പടെയുള്ള നഗരങ്ങളിൽ ഐടി, ആരോഗ്യം, മാദ്ധ്യമ രംഗം, ഹോട്ടൽ തുടങ്ങിയ മേഖകളിൽ പതിനായിരങ്ങളാണ് രാത്രികാല ജോലിയിൽ ഏർപ്പെടുന്നതും പകലുറങ്ങുന്നതും. ഇവരുടെ മനുഷ്യാവകാശങ്ങൾ കോടതിയുടെ വാദമുഖങ്ങളിൽ എത്തിക്കാൻ സാധിച്ചിട്ടില്ല.

NATIONAL | ‘ഗവർണർമാർ’ തിരഞ്ഞെടുക്കപ്പെട്ടവരല്ല: വസ്‌തുത മറക്കരുത്’; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE