ദുരിതാശ്വാസ നിധി ക്രമക്കേട്; ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കേസെടുക്കണമെന്ന് വിജിലൻസ്

വ്യാപക തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക്‌ എതിരെയും ഡോക്‌ടർമാർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് സർക്കാരിനോട് ശുപാർശ ചെയ്യും.

By Trainee Reporter, Malabar News
relief fund scam
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നു. സംസ്‌ഥാനത്തെ ജില്ലകളിൽ വൻ തട്ടിപ്പുകളാണ് കണ്ടെത്തിയത്. വ്യാപക തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക്‌ എതിരെയും ഡോക്‌ടർമാർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് സർക്കാരിനോട് ശുപാർശ ചെയ്യും.

കഴിഞ്ഞ ദിവസം തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്‌ഥരുടെ സഹായം ആവശ്യപ്പെട്ടും വിജിലൻസ് സർക്കാരിന് കത്ത് നൽകിയിരുന്നു. ആറു മാസത്തിലൊരിക്കൽ ഓഡിറ്റ് നടത്തണമെന്നും കത്തിലൂടെ വിജിലൻസ് ശുപാർശ ചെയ്‌തിട്ടുണ്ട്‌. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാം അറിയിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വൻ തട്ടിപ്പുകളിലാകും ആദ്യം വിശദമായ അന്വേഷണം നടക്കുക. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. നൂറിലധികം അപേക്ഷകളിൽ ഒരേ ഏജന്റിന്റെ പേരാണ് ഉള്ളത്. ഒരു ഡോക്‌ടർ തന്നെ നിരവധി പേർക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. സ്വകാര്യ ആയുർവേദ ഡോക്‌ടർമാരുടെ സർട്ടിഫിക്കറ്റിലും പണം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണമെത്തിയ അതെ ദിവസമാണ് കോതമംഗലം സ്വദേശിയായ ഷിബു ജോസ് വിജിലൻസിന്റെ പട്ടികയിൽ ഉൾപ്പെടുന്നത്. സമ്പന്നനെന്ന് വിജിലൻസ് കണ്ടെത്തിയ ഷിബു എങ്ങനെ റവന്യൂ പരിശോധനക്ക് ശേഷം മൂന്ന് ലക്ഷം രൂപയുടെ സർക്കാർ സഹായത്തിന് അർഹനായി എന്നതിലാണ് ദുരൂഹത. കോതമംഗലം എംഎൽഎ ആന്റണി ജോണ് വഴിയാണ് ഷിബു അപേക്ഷ നൽകിയത്.

ഇരുനില വീട്, ഭൂമി, വാഹനങ്ങൾ അങ്ങനെ സ്വത്ത് കണക്കാക്കിയാൽ സമ്പന്നനാണ് ഷിബു ജോസ്. 51 വയസാണ് പ്രായം. രണ്ടു വർഷമായി വൃക്കകൾ തകരാറിലാണ്. ഇപ്പോൾ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ കഴിഞ്ഞു. 18 ലക്ഷം രൂപ ചിലവഴിച്ചായിരുന്നു ചികിൽസ. റവന്യൂ പരിശോധനകൾക്ക് ശേഷം ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ നേടിയെടുക്കുകയും ചെയ്‌തു. ചികിൽസാ സഹായത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ ഏറ്റവും ഒടുവിൽ കഴിഞ്ഞ ബുധനാഴ്‌ചയാണ് വീട്ടിലെത്തി പരിശോധന പൂർത്തിയാക്കിയത്.

അന്ന് വൈകിട്ട് തന്നെ മൂന്ന് ലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിൽ വന്നു. അതേദിവസം തന്നെ രാത്രി എട്ടു മണിയോടെ ദുരിതാശ്വാസ ഫണ്ട് വെട്ടിച്ചവരുടെ വിജിലൻസ് പട്ടികയിൽ ഷിബു ജോസ് ഇടംനേടി. മുഖ്യമന്ത്രിയുടെ ഓഫിസ്‌ നേരിട്ട് അനുവദിക്കുന്ന പരമാവധി സഹായമാണ് മൂന്ന് ലക്ഷം രൂപ. ഷിബുവിനെ റവന്യൂ ഉദ്യോഗസ്‌ഥർ വഴിവിട്ട് സഹായിച്ചിട്ടുണ്ടോ എന്നതാണ് ഇനി പരിശോധിക്കേണ്ടത്. അതേസമയം, വിജിലൻസ് മേധാവി കഴിഞ്ഞ ദിവസം സമർപ്പിച്ച ശുപാർശാ കത്തിൻമേൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകാനാണ് സാധ്യത.

Most Read: ആരോഗ്യവകുപ്പ് ഡയറക്‌ടറായി ഡോ. കെജെ റീനയെ നിയമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE