വിവാഹസമയം റിഫ പ്രായപൂർത്തി ആയിരുന്നില്ല; പോക്‌സോ കേസിൽ മെഹ്‌നാസ്‌ അറസ്‌റ്റിൽ

By News Desk, Malabar News

കോഴിക്കോട്: ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനിയായ വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്‌നാസ് അറസ്‌റ്റിൽ. പോക്സോ ചുമത്തിയാണ് അറസ്‌റ്റ്‌. വിവാഹസമയം റിഫയ്‌ക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർഗോഡ് നിന്ന് യുവാവിനെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്‌റ്റ്‌.

വ്‌ളോഗർ, ആൽബം താരം എന്നീ നിലകളിൽ പ്രശസ്‌തയായിരുന്നു റിഫ. ഫെബ്രുവരി അവസാനമാണ് റിഫയെ ദുബായ് ജാഫിലിയയിലെ താമസസ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മെഹ്‌നാസിനൊപ്പം ആയിരുന്നു പെൺകുട്ടിയുടെ താമസം. മരണത്തിന് തൊട്ട് തലേന്ന് വരെ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിരുന്ന പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

കേസന്വേഷണത്തിനിടെ യുവാവ് പെൺകുട്ടിയെ നിരന്തരം മർദ്ദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്ത് വന്നിരുന്നു. പെൺകുട്ടിക്കും ഭർത്താവിനും ഒപ്പം താമസിച്ചിരുന്ന യുവാവ് റെക്കോർഡ് ചെയ്‌ത സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്‌തമായിരിക്കുന്നത്. പെൺകുട്ടി മരിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുൻപാണ് ഈ സംഭാഷണം റെക്കോർഡ് ചെയ്‌തിരിക്കുന്നത്‌. രഹസ്യമായി റെക്കോർഡ് ചെയ്‌ത വീഡിയോ പോലീസ് പിടിച്ചെടുത്ത യുവാവിന്റെ ഫോണിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

25 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ തന്നെ നിരന്തരം മർദ്ദിക്കുന്നതിൽ പെൺകുട്ടിക്കുള്ള പരാതിയാണ് പറയുന്നത്. ശരിക്കും ഒരു ആണ് മറ്റൊരു ആണിനെ തല്ലുന്നത് പോലെയാണ് മെഹ്‌നാസ്‌ തന്നെ തല്ലുന്നതെന്നും തലയ്‌ക്ക് അടിയേറ്റോ മറ്റോ തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഭർത്താവ് എന്ത് ചെയ്യുമെന്നും തുടങ്ങിയുള്ള ആശങ്കകൾ റിഫ വീഡിയോയിൽ പറയുന്നുണ്ട്.

സംസ്‌കരിച്ച് രണ്ട് മാസത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തിയിരുന്നു. തൂങ്ങിമരണം എന്നായിരുന്നു പോസ്‌റ്റുമോർട്ടം റിപ്പോർട്. തുടർന്ന്, പെണ്കുട്ടിയുടേത് ആത്‌മഹത്യയാണെങ്കിൽ അതിലേക്ക് നയിച്ച കാരണം കണ്ടെത്തണമെന്ന് മാതാവ് ആവശ്യപ്പെട്ടിരുന്നു. മകളെ ആരാണ് ആത്‌മഹത്യയിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തണമെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

Most Read: വിദ്യാർഥിനിക്ക് അശ്ളീല സന്ദേശം; പ്രതിഷേധങ്ങൾക്ക് ഒടുവിൽ അധ്യാപകൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE