കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പരിശോധനക്ക് കേവലം 135 രൂപ മുതൽ 245 രൂപവരെയെ ചിലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ നിരക്ക് കുറച്ച സർക്കാർ നടപടിയെ ഹൈക്കോടതി അഭിനന്ദിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്ന സംസ്‌ഥാനത്തെ സ്വകാര്യ ലാബുകൾക്ക് എതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്‌തുള്ള ലാബുടമകളുടെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റിഡ് ഉള്‍പ്പെടെ പത്ത് ലാബുകളാണ് കോടതിയെ സമീപിച്ചത്.
ഇറക്കുമതി ചെയ്‌ത പരിശോധനാകിറ്റ് ഉപയോഗിച്ച് 4500 രൂപ നിരക്കിൽ പരിശോധന നടത്താൻ സുപ്രീം കോടതി നേരത്തേ സ്വകാര്യ ലാബുകൾക്ക് അനുമതി നൽകിയിരുന്നുവെന്ന് ഹരജിയിൽ ലാബുടമകൾ ചൂണ്ടിക്കാണിച്ചിരുന്നു. നിരക്ക് കുറച്ചുകൊണ്ട് ഉത്തരവിറക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഇവർ ഹരജിയിൽ പറഞ്ഞിരുന്നു.
ഇത് ആറാം തവണയാണ് കോവിഡ് പരിശോധനാ നിരക്ക് കുറച്ചത്. കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് ഈടാക്കിയിരുന്ന നിരക്ക് 4500 രൂപ മുതല്‍ 5000 രൂപ വരെയായിരുന്നു. എന്നാൽ പിന്നീട് ആവശ്യാനുസരണം പരിശോധനാ കിറ്റുകൾ ഉൾപ്പടെ ലഭ്യമായതോടെ നിരക്ക് കുറച്ചിരുന്നു. സംസ്‌ഥാനത്തെ സർക്കാർ ഉത്തരവ് വരുന്നത് വരെ സ്വകാര്യ ലാബുകൾ 1700 രൂപ വരെ ഈടാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്‌തു.
Read Also: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ പ്രതിഷേധം