തിരുവനന്തപുരം: ഇഡിക്കെതിരായ വെളിപ്പെടുത്തലിൽ ഉറച്ചു നിൽക്കുന്നുവെന്ന് നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യ പ്രതികളിലൊരാളായ സന്ദീപ് നായർ. കൊഫെപോസ തടവ് അവസാനിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ശേഷം സംസാരിക്കുകയായിരുന്നു സന്ദീപ് നായർ.
മുഖ്യമന്ത്രി, മുൻ സ്‌പീക്കർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പറയാൻ ഇഡി ഉദ്യോഗസ്‌ഥൻ നിർബന്ധിച്ചുവെന്ന ആരോപണം സന്ദീപ് വീണ്ടും ഉന്നയിച്ചു. ബിനീഷ് കോടിയേരിയുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സമ്മർദ്ദം തുടങ്ങിയത്. തനിക്ക് കഴിയില്ലെന്ന് അപ്പോൾ തന്നെ വ്യക്‌തമാക്കിയെങ്കിലും സമ്മർദ്ദം തുടർന്നു.
സരിത്തും സ്വപ്‌നയും സുഹൃത്തുക്കൾ ആയിരുന്നുവെന്നും ഇയാൾ പറഞ്ഞു. 2008 മുതൽ സരിത്തിനെ പരിചയമുണ്ടായിരുന്നു. സ്വർണക്കടത്ത് കേസിന് രണ്ട് വർഷം മുൻപാണ് സരിത്ത് മുഖേന സ്വപ്‌നയെ പരിചയപ്പെടുന്നത്. നിയമ വിദഗ്‌ധന്റെ സഹായം തേടി സ്വപ്‌ന സമീപിക്കുകയായിരുന്നു- സന്ദീപ് വ്യക്‌തമാക്കി.
എം ശിവശങ്കറിനെ തനിക്ക് പരിചയമുണ്ടെന്നും കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ഇയാൾ പറഞ്ഞു. സ്വപ്‌നയെ സഹായിക്കാനാണ് ബെംഗളൂരുവിലേക്ക് താൻ ഒപ്പം പോയത്. സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് താൻ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളർ കടത്തിയതായി തനിക്ക് അറിവില്ലെന്നും സന്ദീപ് നായർ പറഞ്ഞു.
National News: അഭിഭാഷക ദീപിക സിംഗ് രജാവത്ത് കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും