മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു

കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ രണ്ടുതവണ വനംമന്ത്രി ആയിരുന്നു. ആറുതവണ എംഎൽഎയും ആയിരുന്നു.

By Trainee Reporter, Malabar News
KP Viswanathan

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9.35ഓടെയായിരുന്നു അന്ത്യം. കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ രണ്ടുതവണ വനംമന്ത്രി ആയിരുന്നു. ആറുതവണ എംഎൽഎയും ആയിരുന്നു. അഭിഭാഷകൻ കൂടിയായിരുന്നു കെപി വിശ്വനാഥൻ.

1970ൽ തൃശൂർ കുന്നംകുളത്ത് നിന്നാണ് കെപി വിശ്വനാഥൻ ആദ്യമായി നിയമസഭയിലേക്ക് മൽസരിച്ചത്. അന്ന് പരാജയപ്പെട്ടു. തുടർന്ന് 1977ലും 1980ലും വിജയിച്ചു. എന്നാൽ, 82ൽ തോറ്റു. 87ൽ കൊടകരയിലേക്ക് മാറി മൽസരിച്ചു. തുടർന്ന് 2001 വരെ തുടർച്ചയായി നാല് തവണ കൊടകര നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1991മുതൽ 94 വരെ കരുണാകരൻ മന്ത്രിസഭയിലും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും വനംമന്ത്രിയായിരുന്നു. എന്നാൽ, ഹൈക്കോടതി പരാമർശത്തെ തുടർന്ന് കാലാവധി പൂർത്തിയാക്കാതെ രാജിവെക്കേണ്ടി വന്നിരുന്നു. 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മൽസരിച്ചെങ്കിലും സിപിഎമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.

തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങന്റെയും പാറുക്കുട്ടിയുടെയും മകനായി 1940 ഏപ്രിൽ രണ്ടിനാണ് കെപി വിശ്വനാഥൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ കോളേജിലും എറണാകുളം ലോ കോളേജിലുമായി ബിരുദം പൂർത്തിയാക്കി. 1967ൽ യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡണ്ടായി. 70ൽ ഡിസിസി ജനറൽ സെക്രട്ടറിയായും 72ൽ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. 1972 മുതൽ കെപിസിസി അംഗമാണ്.

വനംമന്ത്രി ആയിരിക്കെ, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിലും വന സംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡ് നേടിയിട്ടുള്ള കെപി വിശ്വനാഥന്, തൃശൂർ ജില്ല ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയൻ (മികച്ച സാമാജിക്) അവാർഡും ലഭിച്ചിട്ടുണ്ട്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, തൃശൂർ ഡിസിസി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

കൂടാതെ, ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് അംഗം, കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം, സംസ്‌ഥാന സഹകരണ ബാങ്ക് ചെയർമാൻ, ഡയറക്‌ടർ എന്നീ പദവികളും കൈകാര്യം ചെയ്‌തിട്ടുണ്ട്‌. ഭാര്യ ലളിത. മക്കൾ: സഞ്‌ജിത്ത്, രഞ്‌ജിത്ത്‌.

Most Read| ഇന്ത്യയിലെ സുരക്ഷിത നഗരം; ആദ്യപത്തിൽ ഇടംനേടി കോഴിക്കോട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE