പകര്‍ച്ചവ്യാധി വ്യാപനം; മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രത്യേക യജ്‌ഞം നടത്തും

By News Bureau, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രത്യേക യജ്‌ഞം നടത്താന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്ററുടേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മഴക്കാലം വരുന്നതിന് മുമ്പുതന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രിമാര്‍ ബന്ധപ്പെട്ടവർക്ക് നിര്‍ദ്ദേശം നല്‍കി.

കൊതുകിന്റെ ഉറവിട നശീകരണം നടത്താന്‍ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്‌ഥാനത്ത് പ്രത്യേക യജ്‌ഞത്തിന്റെ ഭാഗമായി ഡ്രൈ ഡേ ആചരിക്കുന്നതാണ്. വീടുകളില്‍ ഞായറാഴ്‌ചകളിലും, സ്‌കൂളുകളില്‍ വെള്ളിയാഴ്‌ചകളിലും, സ്‌ഥാപനങ്ങളില്‍ ശനിയാഴ്‌ചകളിലും, ഡ്രൈ ഡേ ആചരിക്കണമെന്ന് മന്ത്രി അറിയിച്ചു.

വീടും, സ്‌ഥാപനവും, പരിസരവും ശുചിയാക്കണം. കൊതുക് മുട്ടയിടാതിരിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ജില്ലകളും റിപ്പോര്‍ട് ചെയ്യുന്ന പകര്‍ച്ചവ്യാധിക്കനുസരിച്ച് കര്‍മ്മ പദ്ധതി തയ്യാറാക്കണം. ജില്ലാ കളക്‌ടർമാര്‍ അതിന് നേതൃത്വം നല്‍കണമെന്നും മന്ത്രി വ്യക്‌തമാക്കി.

ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകുജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്‌തമാക്കണം. ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതീവ ജാഗ്രത വേണം. കോവിഡിനോടൊപ്പം നിപ പോലെയുള്ള രോഗങ്ങള്‍ക്കെതിരേയും പ്രതിരോധം തീര്‍ക്കണം.

പേവിഷബാധയ്‌ക്കെതിരെ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പ്രതിരോധം ശക്‌തമാക്കും. വളര്‍ത്ത് മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കണം. മൃഗങ്ങളുടെ കടിയോ പോറലോ ഏറ്റാലും ആശുപത്രിയില്‍ ചികിൽസ തേടണം. മലിനജലവുമായും മണ്ണുമായും സമ്പര്‍ക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ളിന്‍ ഗുളിക കഴിക്കണം. എന്തെങ്കിലും പകര്‍ച്ച വ്യാധികള്‍ ഒരു പ്രദേശത്ത് റിപ്പോര്‍ട് ചെയ്‌താല്‍ അത് ആരോഗ്യ വകുപ്പിനെ അറിയിക്കണം; മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം വാര്‍ഡുതല സമിതികള്‍ ഊര്‍ജിതമാക്കി, ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ പറഞ്ഞു. ശുചിത്വ മിഷനുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തനം ശക്‌തമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍, ശുചിത്വമിഷന്‍ ഡയറക്‌ടര്‍ ഓപ്പറേഷന്‍സ്, ജില്ലാകളക്‌ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Most Read: സാമൂഹികാഘാത പഠനത്തിന് കേരളം റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE