ന്യൂ ഡെൽഹി: ബിജെപിയുമായുള്ള സഖ്യം തുടരുന്ന കാര്യം ആലോചിക്കണമെന്ന് ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ. മോദി സർക്കാരിന്റെ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് തന്റെ ഭാര്യയും കേന്ദ്ര മന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ രാജിവച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾ അതിന്റെ പ്രധാനപ്പെട്ട എല്ലാ വോട്ടർമാരേയും നിരാശപ്പെടുത്തുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
“സർക്കാറിന്റെ സഖ്യകക്ഷി ആയതിനാൽ, സർക്കാർ എന്ത് വിചാരിച്ചാലും ഞങ്ങൾ അത് കർഷകരെ അറിയിച്ചിരുന്നു. അതുപോലെ കർഷകരുടെ ആവശ്യങ്ങൾ ഞങ്ങൾ സർക്കാരിനെയും അറിയിക്കുമായിരുന്നു. ഒരു മാറ്റവുമില്ലാതെ കേന്ദ്ര സർക്കാർ ഈ ബിൽ കൊണ്ടുവന്നതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. കർഷകരുടെ അവകാശങ്ങൾ പരിശോധിക്കാത്ത സർക്കാറിന്റെ ഭാഗമാകാൻ നിങ്ങൾക്ക് കഴിയില്ല. സർക്കാരിനെ ബോധ്യപ്പെടുത്താൻ ഞങ്ങൾ രണ്ടുമാസം ശ്രമിച്ചു. എന്നാൽ ഇപ്പോൾ ബിൽ പാസായിരിക്കുന്നു, എന്നുകരുതി ഞങ്ങൾക്ക് പിൻമാറാനും കഴിയില്ല”- അദ്ദേഹം വ്യക്തമാക്കി.
എൻഡിഎയുമായുള്ള സഖ്യം അകാലിദൾ തുടരുമോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: “ഞങ്ങൾ എൻഡിഎയുടെ സ്ഥാപക അംഗങ്ങളാണ്. പക്ഷേ, നിലവിലെ സാഹചര്യത്തിൽ ഞങ്ങളുടെ പാർട്ടി യോഗം ചേരും, സാഹചര്യം പരിശോധിക്കും. പാർട്ടിയിലെ കോർ കമ്മിറ്റിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്, തീരുമാനം എന്താകുമെന്ന് നമുക്ക് നോക്കാം”.
മോദി സർക്കാരിലെ ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു ശിരോമണി അഖാലി ദൾ നേതാവായ ഹർസിമ്രത് കൗർ ബാദൽ. ട്വിറ്ററിലൂടെയാണ് ഹർസിമ്രത് രാജി അറിയിച്ചത്. കർഷകരുടെ മകളായും സഹോദരിയായും ഒപ്പം നിൽക്കാൻ കഴിയുന്നതിൽ അഭിമാനമെന്നും ഹർസിമ്രത് ട്വീറ്റ് ചെയ്‌തു. തിങ്കളാഴ്ച പാർലിമെന്റിൽ അവതരിപ്പിച്ച ബില്ലുകൾക്കെതിരെ വോട്ടു ചെയ്യാൻ എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലി ദൾ തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകിയിരുന്നു.
Related News: കേന്ദ്രമന്ത്രി രാജി വെച്ചു