സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ്; കൊച്ചിയുടെ വികസനത്തെ ബാധിക്കും

നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ നിർമാണ പ്രവർത്തനങ്ങളെയും വികസന പ്രവർത്തനങ്ങളെയും മലയോര ജനജീവിതത്തെയും ബാധിക്കുന്ന 'സംരക്ഷിത വനമേഖലയിലെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആയിരിക്കുമെന്ന സുപ്രീം കോടതി വിധി' ചോദ്യം ചെയ്യാൻ പുതിയ പദ്ധതികളുമായി സംസ്‌ഥാന സർക്കാർ.

By Central Desk, Malabar News
Supreme Court's Buffer Zone Order; It will affect the Kochi City
Ajwa Travels

കൊച്ചി: വനാതിര്‍ത്തിയുടേയും വന്യജീവി കേന്ദ്രങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന മുഴുവൻ സ്‌ഥലവും നിർമാണ പ്രവർത്തനങ്ങൾ പാടില്ലാത്ത പരിസ്‌ഥിതിലോല (ബഫര്‍ സോണ്‍) മേഖലയായി നിര്‍ണയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പരിധിയിൽ കൊച്ചിനഗരവും ഉൾപ്പെട്ടേക്കും.

ഹൈക്കോടതിക്ക് സമീപമുള്ള ‘മംഗളവനം പക്ഷിസങ്കേതം’ വിധിയുടെ പരിധിയില്‍ വന്നാല്‍ കൊച്ചി നഗരവികസനത്തിനെ അത് സാരമായി ബാധിക്കും. ഇതുകൂടാതെ പെരിയാര്‍, സൈലന്റ് വാലി, ഇരവികുളം, മതികെട്ടാന്‍ചോല, വയനാട്, ചിന്നാര്‍, പാമ്പാടുംചോല, പറമ്പിക്കുളം, നെയ്യാര്‍, പേപ്പാര്‍, ആറളം, തട്ടേക്കാട് എന്നീ മേഖലകളോട് ചേര്‍ന്ന ജനജീവിതവും നിർമാണ പ്രവർത്തനങ്ങളും അവതാളത്തിലാകും.

രാജ്യത്തെ ഏറ്റവും വിസ്‌തൃതി കുറഞ്ഞ സംസ്‌ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ വാസയോഗ്യമായ സ്‌ഥലം വളരെ കുറവാണ്. സംസ്‌ഥാനത്തിന്റെ ആകെ വിസ്‌തൃതിയുടെ 29 ശതമാനത്തിലധികം വനമാണ്. ഇതുകൂടാതെ, നദികള്‍, തടാകങ്ങള്‍, കായലുകള്‍, നെല്‍വയലുകള്‍, തണ്ണീര്‍തടങ്ങള്‍ എന്നിവയും ധാരാളമുള്ള സംസ്‌ഥാനത്ത്‌ ജനജീവിതം ദുസഹമാക്കുന്ന സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കൽ അസാധ്യമാണ്.

സംസ്‌ഥാന ജനസംഖ്യ, വര്‍ദ്ധിച്ച ജനസാന്ദ്രത എന്നിവ കണക്കിലെടുക്കാതെയാണ് ഈ കോടതി ഉത്തരവെന്ന് നിരവധി പ്രമുഖരാണ് ചൂണ്ടികാണിക്കുന്നത്. സംസ്‌ഥാനത്തെ ആകെ വിസ്‌തൃതിയുടെ 48 ശതമാനം വരെ പശ്‌ചിമമഘട്ട മലനിരകളുമാണ്. സ്‌പേർ കോടതിയുടെ ഉത്തരവ് ശരിയായ രീതിയിൽ നടപ്പിലാക്കിയാൽ കൊച്ചി നഗരം ഉൾപ്പടെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും നിർമാണ പ്രവർത്തനങ്ങൾ അവതാളത്തിലാകും. മാത്രവുമല്ല, നിലവിലുള്ള ജനവാസ യോഗ്യമായ സ്‌ഥലങ്ങൾ 30 ശതമാനത്തോളം കുറയുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

Supreme Court's Buffer Zone Order; It will affect the Kochi City

ഈ പ്രത്യേക സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് കേരളത്തിലെ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും സുപ്രീംകോടതിയുടെ ഉത്തരവിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂൺ മാസത്തിൽ ഇറക്കിയ സുപ്രീം കോടതി ഉത്തരവനുസരിച്ച്, വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിധി വരെ നിര്‍ബന്ധിത പരിസ്‌ഥിതി ലോല മേഖലയായിരിക്കണം എന്നാണ് ഉത്തരവ്. ഇത് നടപ്പിലായാൽ, ആലപ്പുഴ, കാസർഗോഡ് ഒഴികെ 12 ജില്ലകളിലെ വലിയൊരു ഭൂപ്രദേശത്ത് നിർമാണ മേഖലയില്‍ ശക്‌തമായ നിയന്ത്രണം ഉണ്ടാകും. ഇതോടെ കേരളത്തിലെ നിർമാണ മേഖല അക്ഷരാർഥത്തിൽ നിലയ്‌ക്കും.

Supreme Court's Buffer Zone Order; It will affect the Kochi City

വിധിയനുസരിച്ച്, നിർമാണപ്രവർത്തനങ്ങൾക്ക് വിലക്കുള്ള മേഖലകളിൽ ഇളവ് ആവശ്യമെങ്കില്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ സ്‌ഥാപനങ്ങൾക്കും സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തെയും സമീപിക്കാം. ഈ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ ശുപാര്‍ശ സമര്‍പ്പിക്കും. ഇത് പഠിച്ചശേഷം, കോടതി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കും. ഈ രീതി നിലവിൽ വന്നാൽ അതുണ്ടാക്കുന്ന കാലതാമസവും പ്രശ്‌നങ്ങളും നിയമകുരുക്കുകളും വികസന പ്രവർത്തനങ്ങളെ ബാധിക്കും.

വിധിക്കെതിരെ സംസ്‌ഥാന ചീഫ് സെക്രട്ടറി ഫയൽ ചെയ്‌ത പുനപരിശോധന ഹരജി കോടതിയുടെ പരിഗണനയിലാണ്. അതേസമയം, ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്‌ഥാപനങ്ങൾ, ഇതര നിർമാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവര ശേഖരണത്തിന് ഉപഗ്രഹ സർവേയും പുറമേ നേരിട്ടുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇന്ന് തീരുമാനമെടുത്തു.

Supreme Court's Buffer Zone Order; buffer zone protest at Idukki

കേരളത്തിൽ ബഫർസോൺ വിധിനടപ്പിലായാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ പഠിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്‌ഥാനം വിദഗ്‌ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്ന് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. തദ്ദേശ സ്വയംഭരണം, റവന്യൂ, കൃഷി, വനം എന്നീ വകുപ്പുകള്‍ വകുപ്പുതലത്തില്‍ ലഭ്യമാക്കിയ വിവരങ്ങള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയ്യാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്‌ധ സമിതി പരിശോധിക്കും.

സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരം സാങ്കേതികവിദ്യാ സഹായത്തോടെ ഉപഗ്രഹ സംവിധാനം വഴി ബഫര്‍സോണിലുള്ള കെട്ടിടങ്ങളുടെയും നിർമാണ പ്രവര്‍ത്തനങ്ങളുടെയും മറ്റും കണക്കെടുപ്പ് സംസ്‌ഥാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇന്ന് നടന്ന യോഗത്തില്‍ മന്ത്രിമാരായ എകെ ശശീന്ദ്രന്‍, പി രാജീവ്, കെ രാജന്‍, പി പ്രസാദ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

INFORMATIVE: യുകെ ജോലിയോ? ചിന്തിക്കാതെ ചാടി വീഴരുതേ! വാട്‍സ്ആപ് വഴി വൻ തട്ടിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE