ദോഹ: അഫ്‌ഗാനിസ്‌ഥാനിൽ ഇന്ത്യൻ സൈനിക സാന്നിധ്യം പാടില്ലെന്ന മുന്നറിയിപ്പ് നൽകി താലിബാൻ. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്‌താവ് മുഹമ്മദ് സുഹൈൽ ഷഹീനാണ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് വ്യക്‌തമാക്കിയത്.
‘ഇന്ത്യയുടെ സൈനിക സാന്നിധ്യം അഫ്‌ഗാനിലുണ്ടെങ്കിൽ അത് നല്ലതല്ല. അഫ്‌ഗാനിൽ സൈനിക സാന്നിധ്യമുണ്ടായിരുന്ന മറ്റ് രാജ്യങ്ങളുടെ വിധി ഇന്ത്യക്ക് മനസിലായിട്ടുണ്ടാകും. അത് ഇന്ത്യക്കൊരു തുറന്ന പുസ്‌തകമാണ്. അയൽ രാജ്യങ്ങൾ ഉൾപ്പടെ ഒരു രാജ്യത്തിനെതിരെയും അഫ്‌ഗാൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന പൊതുനയം തങ്ങൾക്കുണ്ട്’- താലിബാൻ വക്‌താവ് ചൂണ്ടിക്കാട്ടി.
അതേസമയം, അഫ്‌ഗാനിസ്‌ഥാന്റെ അടിസ്‌ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നൽകുന്ന സഹായങ്ങളെ താലിബാൻ അഭിനന്ദിച്ചു. അഫ്‌ഗാൻ ജനതയെയും ദേശീയ പദ്ധതികളെയും ഇന്ത്യ സഹായിക്കുന്നുണ്ട്. അത് മുൻപും ചെയ്‌തിട്ടുണ്ട്. ഇന്ത്യയുടെ പ്രവർത്തനം വിലമതിക്കപ്പെടുന്ന ഒന്നാണെന്നാണ് കരുതുന്നത്. അഫ്‌ഗാൻ ജനങ്ങൾക്കായി അണക്കെട്ടുകൾ, ദേശീയ അടിസ്‌ഥാന സൗകര്യ വികസന പദ്ധതികൾ, അഫ്‌ഗാനിസ്‌ഥാന്റെ വികസനം, പുനർനിർമാണം, ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി എന്നിവക്കായി ഇന്ത്യ ചെയ്യുന്നതെല്ലാം അഭിനന്ദനാർഹമാണെന്നും താലിബാൻ വക്‌താവ് കൂട്ടിച്ചേർത്തു.
Also Read: കോവിഡിനെതിരെ നേസൽ വാക്‌സിൻ; ആദ്യഘട്ട പരീക്ഷണം വിജയകരം