ചേർത്തല: ചെങ്ങണ്ട പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുമ്പോളി പീഡികപറമ്പിൽ സന്റോൺ ജോസഫ് ബാബുവിന്റെ മകൻ ഡേവിഡ് ജിൻസിന്റെ (24) മൃതദേഹമാണ് സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തിയത്. പാലത്തിൽ നിന്നും മൂന്ന് കിലോമീറ്റർ വടക്ക് പള്ളിപ്പുറം പല്ലിവേലി സ്‌കൂളിന് പടിഞ്ഞാറ് മില്ല് കടവിലായിരുന്നു മൃതദേഹം.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ കക്ക വാരൽ തൊഴിലാളികൾ വലിയ രീതിയിൽ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പായലിനടിയിൽ മൃതദേഹം കണ്ടത്. വെള്ളിയാഴ്‌ച മുതൽ ഡേവിഡിനായി തിരച്ചിൽ നടത്തുന്ന നാവികസേനയുടെ മുങ്ങൽ വിദഗ്‌ധർ ഈ സമയം വിളക്ക് പാലത്തിനടുത്ത് ഇന്നും തിരച്ചിൽ തുടരുന്നുണ്ടായിരുന്നു.
തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് നാവികസേനാ സംഘം എത്തി മൃതദേഹം കരയ്‌ക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ചേർത്തല തഹസിൽദാർ ആർ ഉഷയുടെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റുമോർട്ടത്തിന് ശേഷം തുമ്പോളി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.
എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഫുഡ് കമ്പനിയിലെ സെയിൽസ് എക്‌സിക്യൂട്ടീവ് ആയിരുന്ന ഡേവിഡ് കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചക്ക് 12 മണിയോടെ ബൈക്കിലെത്തിയാണ് പാലത്തിൽ നിന്ന് താഴേക്ക് ചാടിയത്. ആത്‍മഹത്യയുടെ കാരണം വ്യക്‌തമല്ല. ചേർത്തല അഗ്‌നിശമന സേനാംഗങ്ങൾ, ഫയർ ആംബുലൻസ് എന്നിവരുടെ തിരച്ചിലിന് ശേഷമാണ് നാവികസേനാ മുങ്ങൽ വിദഗ്‌ധർ എത്തി തിരച്ചിൽ നടത്തിയത്.
Also Read: യുവതിയുടെ വൃക്ക വിൽക്കാൻ ശ്രമിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ