തിരുവനതപുരം: സംസ്‌ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധന പുനഃപരിശോധിക്കാൻ തീരുമാനം. മിനിമം ചാർജിനുള്ള ദൂരം ഒന്നര കലോമീറ്ററായി തന്നെ നിലനിർത്താനാണ് സാധ്യത. ഇന്ധനവില വർധനവിന്റെ പശ്‌ചാത്തലത്തിൽ പുതുക്കിയ ഓട്ടോ ചാർജിനെതിരെ സിഐടിയു പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് ചാർജ് പുനഃപരിശോധിക്കാൻ തീരുമാനം എടുത്തത്.
ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധനയിൽ ഉത്തരവ് ഉടൻ പുറത്തിറങ്ങാനിരിക്കെയാണ് വില വർധന പുനഃപരിശോധിക്കാനുള്ള നീക്കം. ഈ മാസം 15ന് ശേഷം നിരക്ക് വർധന പ്രാബല്യത്തിൽ വരും. ഇന്ധന വില ഉയർന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ബസ് ചാർജ് വർധനവിനൊപ്പം ഓട്ടോ-ടാക്‌സി ചാർജും കൂട്ടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
ഓട്ടോ ടാക്‌സിയെ സംബന്ധിച്ച് മിനിമം ചാർജ് ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നു. അധികം വരുന്ന ഓരോ കിലോമീറ്ററിനും 12 രൂപയാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്ക് അനുസരിച്ച് മിനിമം ചാർജ് രണ്ട് കിലോമീറ്റർ വരെ 30 രൂപയാക്കി നിശ്‌ചയിച്ചിട്ടുണ്ട്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയും ഈടാക്കാവുന്നതാണ്. 1500 സിസിക്ക് താഴെയുള്ള ടാക്‌സികൾക്ക് മിനിമം നിരക്ക് 200 രൂപയായും, 1500 സിസിക്ക് മുകളിലുള്ള ടാക്‌സികൾക്ക് മിനിമം നിരക്ക് 225 രൂപയായും ഉയർത്തും.
കൂടാതെ അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയിൽ മാറ്റം ഉണ്ടാകില്ല. ഓട്ടോ-ടാക്‌സി വർധനവിൽ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. ബസ് ചാർജ് വർധവിന് എൽഡിഎഫ് സർക്കാർ അംഗീകാരം നൽകിയതോടെ മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കിയാണ് വർധിപ്പിച്ചത്. അതേസമയം, വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല.
Most Read: മൂവാറ്റുപുഴ ജപ്‌തി നടപടി; കണ്ണില്ലാത്ത ക്രൂരത- സർക്കാരിനെതിരെ വിഡി സതീശൻ