ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ഡോക്‌ടർ ലിയോപോൾഡോ ലുക്വി. ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിൽസകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിയെന്നും ഡോക്‌ടര്‍ ലുക്വി പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഡോക്‌ടര്‍ വ്യക്‌തമാക്കി.
താനും മറഡോണയും തമ്മിലുള്ളത് സുതാര്യമായ ബന്ധമായിരുന്നു. ഒരു വലിയ വ്യക്‌തി മരിക്കുമ്പോള്‍ ഇത്തരത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവുമായി രംഗത്ത് വരുന്നത് നിര്‍ഭാഗ്യകരമാണെന്നും മറഡോണയുടെ കുടുംബ ഡോക്‌ടര്‍ കൂടിയായ ഡോ ലുക്വി പറഞ്ഞു.
നവംബർ 25ന് ഹൃദയസ്‌തംഭനത്തെ തുടർന്നാണ് മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്‌തം കട്ടപിടിക്കുന്നതിനാൽ അദ്ദേഹത്തെ അടുത്തിടെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബർ 11ന് അദ്ദേഹം ആശുപത്രിൽ നിന്നും വീട്ടിലേക്ക് വന്നു. ശേഷം മദ്യപാന ശീലത്തിൽ നിന്ന് മുക്‌തി നേടാനുള്ള ചികിൽസയിലായിരുന്നു.
മറഡോണയുടെ മരണം ഡോക്‌ടറുടെ അനാസ്‌ഥ മൂലമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്‌ടര്‍ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തിയത്.