തിരുവനന്തപുരം: കേരളത്തിലെ റോഡ് നിർമാണ മേഖലയിൽ ഉദ്യോഗസ്‌ഥ-കരാര്‍ കൂട്ടുകെട്ടുണ്ട്. ആ കൂട്ടുകെട്ട് തകർക്കണം. കൊള്ളലാഭവുമായി ആർക്കും മുന്നോട്ട് പോകാനാവില്ല. കൊള്ളലാഭം ഉണ്ടാക്കുന്നവർക്ക് നിരാശ ഉണ്ടാക്കുന്നതാണ് ഇനിയങ്ങോട്ടുള്ള രീതിയെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌റിയാസ്.
റോഡുകളുടെ തകര്‍ച്ചക്ക് കാരണം മഴയാണെന്നും പ്രളയത്തെ പ്രതിരോധിക്കുന്ന നിര്‍മിതികളാണ് ഇനി കേരളത്തിന് ആവശ്യമെന്നും കേരളത്തിലെ റോഡ് നിർമാണത്തിന് കാലാവസ്‌ഥാ വ്യതിയാനം മനസിലാക്കി പുതിയ രീതികൾ ആവിഷ്‌കരിക്കണമെന്നും ഇതിനായി വിവിധ ഐഐടികളെ പങ്കെടുപ്പിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിർമിതികൾ കൊണ്ടുവരുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
കാലാവസ്‌ഥയെ മനസിലാക്കി എങ്ങനെ റോഡ് നിര്‍മാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്. കാലാവസ്‌ഥാ വ്യതിയാനം കേരളം നേരിടുന്ന പ്രധാന പ്രശ്‌നമാണ്, മന്ത്രി വ്യക്‌തമാക്കി. കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബത്തിനും സര്‍ക്കാര്‍ സഹായം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌ത് എടുക്കേണ്ട തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.
റണ്ണിങ് കോണ്‍ട്രാക്‌ട് ഫലപ്രദമായി നടപ്പിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. കൊള്ളലാഭം സ്വീകരിക്കുന്നവരെ അതുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. ആലുവ പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. ആ റോഡ് നല്ല രീതിയില്‍ നിര്‍മിക്കേണ്ടതുണ്ട്. പാച്ച് വര്‍ക് കൊണ്ട് മാത്രം നിലനില്‍ക്കാനാവില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അറ്റകുറ്റപ്പണിയുടെ ഗുണനിലവാരം പരിശോധിക്കുക എന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണ്. ചെറിയ സമയത്തിൽ തീവ്രമായ മഴ പെയ്യുന്നത് റോഡ് തകരാൻ കാരണമാകുന്നു. ഡ്രെയിനേജ് കപ്പാസിറ്റിയേക്കാളും വെള്ളം വരുന്നു. ഇതിനെ നേരിടാൻ ഐഐടി, മറ്റ് വിദഗ്‌ധർ എന്നിവരെ പങ്കെടുപ്പിച്ച് സെമിനാർ നടത്തും, മന്ത്രി വിശദീകരിച്ചു.
Most Read: മധു വധക്കേസ്: 29ആം സാക്ഷിയും കൂറുമാറി; ഇതുവരെ കൂറുമാറിയവർ 15 !