റിയാദ് : റമദാൻ ആരംഭം മുതൽ മക്ക, മദീന ഹറമുകളിൽ പ്രവേശിക്കുന്ന ജീവനക്കാർ നിർബന്ധമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന് വ്യക്‌തമാക്കി അധികൃതർ. എല്ലാ തൊഴിലാളികളും നിർബന്ധമായും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്ന് ഹറം കാര്യാലയം അറിയിച്ചിട്ടുണ്ട്. ഹറം പ്രസിഡൻസി, ഏജൻസി കെട്ടിടങ്ങളിലെ പ്രവേശനം എന്നിവക്കും വാക്‌സിന്‍ നിര്‍ബന്ധമാണ്.
അതേസമയം തന്നെ രാജ്യത്ത് റമദാന്റെ ഭാഗമായി എത്തുന്ന ഉംറ തീർഥാടകരെ പ്രവേശിപ്പിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായതായി ഹജ്‌ജ്, ഉംറ സഹമന്ത്രി അബ്‌ദുൽ ഫത്താഹ് മുശാത് വ്യക്‌തമാക്കി. 700ഓളം ബസുകൾ തീർഥാടകരുടെ യാത്രക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറക്കുന്നതിന് വേണ്ട നടപടികളും രാജ്യത്ത് എടുത്തിട്ടുണ്ട്.
തീർഥാടകരുടെ യാത്രക്കായി തയ്യാറാക്കിയ ബസുകൾ ഓരോ യാത്രക്ക് ശേഷവും അണുവിമുക്‌തമാക്കും. കൂടാതെ സാമൂഹിക അകലം ഉറപ്പ് വരുത്തുന്ന രീതിയിലായിരിക്കും ആളുകൾക്ക് ബസുകളിൽ സീറ്റ് അനുവദിക്കുക. ഉംറ സീസണിലേക്ക് വേണ്ട അടിസ്‌ഥാന ആരോഗ്യ നിബന്ധനകളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.
Read also : തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്