തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാവില്ല. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്‌കാരം മതിയെന്നാണ് കുടുംബത്തിന്റെ തീരുമാനം. സർക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷമെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ചീഫ് സെക്രട്ടറിയെ അറിയിച്ചു.
ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
‘സാധാരണക്കാരനായി ജനിച്ചു, സാധാരണക്കാരനായി ജീവിച്ച ഒരു നേതാവിന് ജനങ്ങൾ നൽകുന്ന സ്‌നേഹാദരവാണിത്. സംസ്‌കാര ചടങ്ങുകൾ അപ്പയുടെ ആഗ്രഹം പോലെ നടത്തണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം’- മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ ഉച്ച കഴിഞ്ഞു 3.30ന് ആണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.
അതേസമയം, രാവിലെ ആരംഭിച്ച വിലാപയാത്ര ഇതുവരെ തിരുവനന്തപുരം ജില്ലാ കടന്നിട്ടില്ല. നിലവിൽ വിലാപയാത്ര കിളിമാനൂർ കഴിഞ്ഞതേയുള്ളൂ. അതുകൊണ്ടുതന്നെ വിലാപയാത്ര കോട്ടയത്തു എത്താൻ വൈകും. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
Most Read: പിവി അൻവറിന് നിർണായകം; മിച്ചഭൂമി കേസിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ