ന്യൂഡെൽഹി: ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് കെസി വേണുഗോപാൽ എംപി. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇരയുടെ പിതാവിനെതിരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ കുടുംബത്തിന് സുരക്ഷ നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്ത് മനഃപൂർവമായ വീഴ്‌ചയുണ്ടായി. ഇരകൾക്ക് നീതി നേടി കൊടുക്കുന്നതിന് വേണ്ടിയാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഞായറാഴ്‌ച വണ്ടിപ്പെരിയാറിൽ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്‌മ അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പശ്‌ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നത് പാർട്ടിയുടെ ദേശീയ നിലപാടല്ല. അതത് സംസ്‌ഥാനങ്ങളിലെ പ്രശ്‌നങ്ങൾ അവിടെ തന്നെ ചർച്ച ചെയ്‌ത് പരിഹരിക്കണമെന്നാണ് കോൺഗ്രസ് നിലപാടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇന്ത്യാ മുന്നണിയിൽ മാദ്ധ്യമങ്ങളിൽ സൂചിപ്പിക്കുന്നത് പോലെയുള്ള അഭിപ്രായ വ്യത്യാസമില്ല. സീറ്റ് വിഭജനം പൂർത്തിയാക്കി പല പ്രാവശ്യം ചർച്ചകൾ വേണ്ടിവരും. ഒടുവിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ഇന്ത്യ മുന്നണിയിലെ കക്ഷികൾ ബിജെപിക്ക് എതിരേയുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി അണിനിരക്കും- കെസി വേണുഗോപാൽ പറഞ്ഞു.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖ്യകേന്ദ്രമാണെന്ന് പ്രസംഗിക്കുന്നതിന് പകരം പ്രധാനമന്ത്രി നടപടിയെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണം പ്രധാനമന്ത്രി ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് ആ ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്നും കെസി വേണുഗോപാൽ ചോദിച്ചു.
Most Read| മൈലപ്ര വ്യാപാരിയുടെ കൊലപാതകം; പ്രതികൾ കൊടും കുറ്റവാളികളെന്ന് പോലീസ്