കണ്ണൂർ: മാടായിപ്പാറയിൽ കെ റെയിൽ സർവേക്കല്ലുകൾ പിഴുതെടുത്ത് റീത്ത് വെച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കെ റെയിൽ സെക്ഷൻ എഞ്ചിനിയർ ഷൈമയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പിഡിപിപി ആക്‌ട് പ്രകാരമാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. മാടായിപ്പാറ റെസ്‌റ്റ് ഹൗസിന് സമീപത്തെ മുട്ടം റോഡരികിലാണ് എട്ട് സർവേക്കല്ലുകൾ പിഴുതെടുത്ത് കൂട്ടിയിട്ട് റീത്ത് വെച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പാറക്കുളം മുതൽ മാടായിക്കാവ് പരിസരം വരെയും ഗവ.ഐടിഐ ഭാഗത്തും സ്‌ഥാപിച്ച കല്ലുകളാണ് പിഴുതെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ പിഴുതുമാറ്റിയ രണ്ട് കല്ലുകൾക്ക് പുറമെയാണ് എട്ട് സർവേക്കല്ലുകൾ കൂടി പിഴുതെടുത്തത്. ഇത് മൂന്നാം തവണയാണ് സർവേക്കല്ല് പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തുന്നത്. നേരത്തെ സർവേക്കല്ലുകൾ സ്‌ഥാപിക്കുമ്പോൾ പ്രതിഷേധം ഉയർന്ന സ്‌ഥലമാണിത്.
തുടർന്ന് പോലീസ് സംരക്ഷണത്തിലാണ് കല്ല് നാട്ടിയത്. മാടായിപ്പാറയിൽ രണ്ട് കിലോമീറ്റർ നീളത്തിലാണ് സിൽവർ ലൈൻ കടന്നു പോകുന്നത്. ഇത് പാറയുടെ ജൈവവൈവിധ്യത്തിന് കടുത്ത ആഘാതം സൃഷ്‌ടിക്കുമെന്നാണ് വാദം ഉയർന്നിരുന്നത്. അതേസമയം, മാടായിപ്പാറ റോഡരികിൽ സ്‌ഥാപിച്ച സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാൽ ഉടൻ കസ്‌റ്റഡിയിൽ എടുക്കുമെന്നാണ് പോലീസ് പറയുന്നത്.
Most Read: വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന രോഗബാധ; ഒമൈക്രോൺ കേസുകൾ 6,041