കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിലെ പ്രതികളുടെ തെളിവെടുപ്പ് പുരോഗമിക്കുന്നു. പ്രതികളായ ഫർഹാന, ഷിബിലി എന്നിവരുമായി ഇന്ന് അട്ടപ്പാടി ചുരത്തിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച അട്ടപ്പാടി ഒമ്പതാം വളവിന് താഴെയാണ് തെളിവെടുപ്പ് നടത്തിയത്.
കൊല്ലപ്പെട്ട സിദ്ദിഖിന്റെ ഫോൺ അന്വേഷണ സംഘം കണ്ടെടുത്തു. മൃതദേഹം എങ്ങനെയാണ് വലിച്ചെറിഞ്ഞതെന്നും പ്രതികൾ വിശദീകരിച്ചു. അഞ്ചു മിനിറ്റിനുള്ളിൽ മൃതദേഹം വലിച്ചെറിഞ്ഞു സംഘം ഇവിടെ നിന്ന് കടന്നു കളയുകയായിരുന്നു. സിദ്ദിഖിന്റെ ഫോണിൽ നിന്ന് കൊലപാതകവുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ചെറുതുരുത്തി താഴപ്രയിൽ തെളിവെടുപ്പ് നടത്തിയിരുന്നു. കാർ ഉപേക്ഷിച്ച സ്‌ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. ഷിബിലിയെ ആണ് ഇവിടെ എത്തിച്ചു തെളിവെടുത്തത്. ഇവിടെയുള്ള ഒരു കിണറിന്റെ അടുത്താണ് കാർ ഉപേക്ഷിച്ചത്. മൂന്ന് വസ്‌തുക്കളാണ് ഷിബിലി ഇവിടെയുള്ള പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു. സിദ്ദിഖിന്റെ ചെക്ക് ബുക്ക്, തോർത്ത്, എടിഎം കാർഡ് എന്നിവയാണ് ഉപേക്ഷിച്ചത്. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്.
ഷിബിലിയും ഫർഹാനയും ചേർന്നാണ് അഞ്ചുലക്ഷം രൂപക്ക് വേണ്ടി ഹണി ട്രാപ് ആസൂത്രണം ചെയ്‌തത്. ഫർഹാനായാണ് ഇവരുടെ കൂട്ടാളിയായ ആഷിഖിനെ കൃത്യം നടന്ന സ്‌ഥലത്തേക്ക് എത്തിക്കുന്നത്. ഷിബിലിയെ സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതടക്കമുള്ള കാര്യങ്ങൾ നാടകീയമായി ആസൂത്രണം ചെയ്‌തതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
സിദ്ദിഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് എതിർത്തപ്പോൾ ഷിബിലി ചുറ്റിക കൊണ്ട് തലക്കും നെഞ്ചിനും അടിച്ചു വീഴ്‌ത്തി. ഫർഹാനായാണ് ചുറ്റിക എടുത്ത് കൊടുത്തത്. ആഷിക് സിദ്ദിഖിന്റെ വാരിയെല്ലിന് ചവിട്ടുകയും ചെയ്‌തു. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗിൽ ആക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചു. ശേഷം അസമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ ചെന്നൈയിൽ പിടിയിലായത്.
അതിനിടെ, കൊലപാതകം നടത്താൻ പ്രതികൾ ഉപയോഗിച്ച ഹോട്ടൽ ‘ഡി കാസ ഇന്നി’ന് ലൈസൻസ് ഇല്ലെന്ന് അധികൃതർ വ്യക്‌തമാക്കി. കോഴിക്കോട് കോർപറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അനുമതി ഉണ്ടായിരുന്നില്ലെന്നും മലിനജലം ഒഴുക്കിയതിന് കോർപറേഷൻ അധികൃതർ മുൻപ് ഹോട്ടൽ പൂട്ടിച്ചിരുന്നുവെന്നും സ്‌ഥിരീകരിച്ചിട്ടുണ്ട്.
Most Read: ഇനി മുതൽ മാസംതോറും വൈദ്യുതി നിരക്ക് കൂടും; സർചാർജ് പിരിക്കാൻ അനുമതി