കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കൂടി. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില നിലവിൽ കൂടിയിട്ടില്ല. ഡെൽഹി, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരം കടന്നു.
ചെന്നൈയിൽ 2133 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. സിലിണ്ടർ ഒന്നിന് 266 രൂപ കൂടിയതോടെ 2000.5 രൂപയാണ് രാജ്യ തലസ്‌ഥാനത്തെ നിരക്ക്. മുംബൈയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1950 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ 2073.50 രൂപയാണ് സിലിണ്ടറിന്റെ പുതുക്കിയ വില.
തുടര്‍ച്ചയായി ഇന്ധനവില കൂടുന്നതിനിടെയാണ് ഇരുട്ടടിയായി പാചകവാതകത്തിനും വില വര്‍ധിച്ചത്. രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. സംസ്‌ഥാനത്ത് ഇതോടെ പെട്രോൾ വില 112 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.
Read Also: മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; ആശ്വാസം