മുതുമല: തമിഴ്‌നാട് നീലഗിരിയിൽ നാട്ടിലിറങ്ങി നാലു പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു. കാട്ടിനുളളിലേക്ക് കടന്ന കടുവയെ കണ്ടെത്തിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. രണ്ടാഴ്‌ചത്തെ ശ്രമത്തിനൊടുവിലാണ് ഇന്നലെ രാത്രിയോടെ മയക്കുവെടി വെക്കാനായത്. കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്.
നേരത്തെ നരഭോജി കടുവയെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കടുവ തിരച്ചിൽ സംഘത്തെ കണ്ടയുടൻ ഓടി രക്ഷപ്പെട്ടു. ഒരു വർഷത്തിനിടെ നാലുപേരെയാണ് കടുവ കൊന്നത്. കഴിഞ്ഞ 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ തിരയുന്നത്. വനത്തിനകത്തു നിന്ന് മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിനൊടുവിലാണ് കടുവയെ വെടിവയ്‌ക്കാൻ സാധിച്ചത്.
കടുവയെ വെടിവെച്ചു കൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാൻ ഉത്തരവിട്ടിരുന്നു. കടുവയെ വെടിവച്ചു കൊല്ലേണ്ട എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. പുലിയെ വേട്ടയാടി കൊല്ലാനായി തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയ ഉത്തരവിൻമേൽ സമർപ്പിച്ച ഹരജിയിലായിരുന്നു കോടതിവിധി.
ഒരു വർഷത്തിനിടെ നാല് മനുഷ്യരെയും, ഇരുപതിലധികം വളർത്തുമൃഗങ്ങളെയും കൊന്ന നരഭോജി കടുവയെ പിടിക്കണമെന്നാവശ്യപ്പെട്ട നിരവധി പ്രക്ഷോഭങ്ങളാണ് നടന്നത്. തുടർന്ന് കേരള വനംവകുപ്പിന്റെ സഹായത്തോടെ കഴിഞ്ഞമാസം ഇരുപത്തിനാല് മുതൽ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
Read Also: അപകട സാധ്യതയുള്ള കെട്ടിടങ്ങൾ കണ്ടെത്തി പൊളിച്ചു നീക്കും; കൊച്ചി നഗരസഭ