അബുദാബി: യുഎഇയിൽ സ്വകാര്യ സ്‌ഥാപനങ്ങൾക്ക് ഈ വർഷത്തെ സ്വദേശിവൽക്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. നിലവിൽ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ രണ്ടു ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്നാണ് നിയമം. ഇത് ആറുമാസത്തിനിടെ (ജൂൺ, ഡിസംബർ മാസങ്ങളിൽ) ഒരു ശതമാനം പൂർത്തിയാക്കിയാൽ മതി.
അതേസമയം, 2024 മുതൽ 20ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധമാക്കി. റിക്രൂട്ടിങ്ങിന് പ്രയാസം നേരിടുന്ന കമ്പനികൾക്ക് നാഫിസ് പ്ളാറ്റുഫോമിന്റെ സഹായം തേടാമെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ 18,000 കമ്പനികൾ സ്വദേശിവൽക്കരണം പൂർത്തിയാക്കി. ഇതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 84,000 ആയി വർധിച്ചു. ഇതിൽ 54,000 പേരും രണ്ടു വർഷത്തിനിടെ ജോലിയിൽ പ്രവേശിപ്പിച്ചവരാണ്.
സ്വദേശിവൽക്കരണം ഉറപ്പാക്കാൻ പരിശോധനയും ശക്‌തമാക്കി. നിയമം ലംഘിക്കുന്ന കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. നിയമം പാലിക്കാത്ത കമ്പനികൾ ഓരോ സ്വദേശിയുടെയും കുറവിന് ഏകദേശം 19 ലക്ഷം രൂപ വീതം വാർഷിക പിഴ അടക്കേണ്ടി വരും. അതേസമയം, നിശ്‌ചിത അനുപാതത്തേക്കാൾ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്ന കമ്പനികൾക്ക് മന്ത്രാലയ സേവന ഫീസിൽ 80 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്.
സ്വകാര്യ മേഖലാ കമ്പനികളിലെ ജോലി സാധ്യതകൾ നാഫിസ് പോർട്ടലിൽ രേഖപ്പെടുത്തി സ്വദേശികൾക്ക് അവസരം നൽകണമെന്നാണ് നിർദ്ദേശം. ഓരോ ജോലിക്കും ആവശ്യമായ പരിശീലനം നാഫിസ് നൽകി പൗരൻമാരെ ജോലിക്ക് പ്രാപ്‌തരാക്കും. അതേസമയം, ഇതിനകം നിശ്‌ചിത ശതമാനം സ്വദേശികളെ നിയമിച്ചു പിഴയിൽ നിന്ന് ഒഴിവാകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു.
Most Read| 63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ ‘മിസ്‌റ്റർ വേൾഡ്’ സ്വന്തമാക്കി മലയാളി